ചതിയന്‍ ചന്തു പരാമര്‍ശത്തിന് പിന്നാലെ വീണ്ടും നേരിട്ട് ഏറ്റുമുട്ടി വെള്ളാപ്പള്ളിയും സിപിഐയും. സിപിഐക്കാര്‍ കൈ നീട്ടി കാശ് മേടിച്ച കാര്യം മര്യാദ കൊണ്ട് താന്‍ പറയുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു. ഇതോടെ തങ്ങള്‍ക്ക് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും തെറ്റായ മാര്‍ഗത്തില്‍ പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി തെളിയിച്ചാല്‍ തിരിച്ചു നല്‍കുമെന്നും ബിനോയ് വിശ്വം മറുപടി നല്‍കി. വ്യവസായി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് ഫണ്ടോ പാര്‍ട്ടി ഫണ്ടോ വാങ്ങിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയന്‍ എന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഈ വിമര്‍ശനം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും തന്‍റെ നിലപാട് താന്‍ പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് വിമര്‍ശിച്ചതോടെയാണ് സിപിഐക്ക് നേരെ വെള്ളാപ്പള്ളി തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ചതിയന്‍ ചന്തുവെന്നായിരുന്നു പരാമര്‍ശമെങ്കില്‍ ഇന്ന് തന്‍റെ കൈയില്‍ നിന്ന് കാശ് വാങ്ങിയെന്നാണ് ആരോപണം. ബിനോയ് വിശ്വത്തിന്‍റെ കാറില്‍ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം സിപിഐ വിലയിരുത്തണമെന്നും മുന്നണിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തു പറയുന്നുവെന്നും െവള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.