premakumari-nimishapriya

മകള്‍ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചതില്‍ ആശ്വാസമെന്ന് അമ്മ പ്രേമകുമാരി. ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു.  നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യെമന്‍ തലസ്ഥാനമായ ഏഡനിലാണ് നിമിഷപ്രിയയുടെ അമ്മ ഉള്ളത്. സനയിലെ ജയിലില്‍ നിമിഷപ്രിയയും. 

വധശിക്ഷ മാറ്റിവച്ചെന്നതില്‍ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി പ്രതികരിച്ചു. എല്ലാം ഭംഗിയായി വരുമെന്നാണ് ഉറച്ച വിശ്വാസമെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും പ്രാര്‍ഥനയുടെയും ഫലമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. 

വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെ യെമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുകയായിരുന്നു. അറ്റോണി ജനറലിന്‍റെ നിര്‍ദേശപ്രകാരം ശിക്ഷ മാറ്റുകയാണെന്നും പുതുക്കിയ തീയതി പിന്നീടെന്നും വ്യക്തമാക്കുന്ന ഉത്തരവും പുറത്തിറങ്ങി. തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതം കൂടാതെയാണ് നടപടി. തലാലിന്‍റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, ദയാധനത്തിലും മാപ്പ് സ്വീകരിക്കുന്നതിലും തീരുമാനമായിട്ടില്ല. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാരുടെ നേതൃത്വത്തിലാണ് യെമനില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയത്. ഇതേത്തുടര്‍ന്നാണ് ആശ്വാസകരമായ തീരുമാനം പുറത്തുവന്നത്. 

ENGLISH SUMMARY:

Relief washes over Nimisha Priya's family as her death sentence in Yemen is stayed. Her mother, Premakumari, in Aden, shared her unwavering faith, stating she's confident of bringing her daughter home. Husband Tomy also expressed joy, crediting collective efforts and prayers.