fine-insurance-traffic
  • പിഴ അടയ്ക്കാത്തവര്‍ക്ക് ഇരുട്ടടി
  • പിഴയുടെ എണ്ണം കൂടുംതോറും ഇന്‍ഷൂറന്‍സ് തുകയും കൂടും
  • ഉത്തരവ് ലഭിച്ചാലുടന്‍ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍

ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാത്തവര്‍ക്ക് മുട്ടന്‍ പണി വരുന്നു. വാഹന ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമലംഘനങ്ങളുടെ പിഴയും പലിശയും ചേര്‍ത്ത് പിടിക്കും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി. ഉത്തരവ് ലഭിച്ചാലുടന്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു മനോരമ ന്യൂസിനോട് പറഞ്ഞു.

എ.ഐ കാമറ മുതല്‍ വഴിനീളെ കണ്ണുതുറന്നിരിക്കുന്ന പലതരം കാമറകള്‍, അതുകൂടാതെ റോഡരുകില്‍ കാത്ത് നില്‍ക്കുന്ന പൊലീസും മോട്ടോര്‍ വാഹനവകുപ്പും. ഇവരൊക്കെ നമ്മുടെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കണ്ട് പിടിച്ച് നോട്ടിസയച്ചിട്ടും പിഴ അടയ്ക്കാതിരിക്കുന്നവരാണോ നിങ്ങളെങ്കില്‍–ഇനി പോക്കറ്റ് കാലിയാകും. വാഹന ഇന്‍ഷൂറന്‍സിന്‍റെ രൂപത്തിലാണ് പുതിയ പണി വരുന്നത്. വര്‍ഷം തോറും ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ ഇനി  ഇന്‍ഷൂറന്‍സ് തുക മാത്രം അടച്ചാല്‍ പോര. ഗതാഗത നിയമലംഘനങ്ങളുടെ പിഴയും അടക്കണം. പിഴയും അതിന്‍റെ  പലിശയും ചേര്‍ത്തുള്ള തുകയായിരിക്കും ഇന്‍ഷൂറന്‍സ് തുകയായി കണക്കാക്കുക. ഇത് കേരളം തരുന്ന പണിയല്ല, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ വകയാണ്.

നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാത്തവരുടെയെണ്ണം കോടികളായി പെരുകിയപ്പോളാണ് കേന്ദ്രവും ഇന്‍ഷൂറന്‍സ് കമ്പനികളും തമ്മില്‍ ധാരണയായത്. നമ്മള്‍ അടയ്ക്കുന്ന തുകയില്‍ നിന്ന് ഇന്‍ഷൂറന്‍സ് തുക കമ്പനിയും പിഴത്തുക അതാത് സംസ്ഥാനങ്ങള്‍ക്കും കൈമാറും.ആറ് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ തയാറാകാനുള്ള പ്രാഥമിക നിര്‍ദേശമാണ് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചിരിക്കുന്നത്.

ENGLISH SUMMARY:

A major blow for traffic offenders in India: The Central Transport Ministry has directed states to collect pending fines and interest during vehicle insurance renewals. This new policy means drivers with unpaid fines will face higher insurance costs, confirmed by Kerala Transport Commissioner C.H. Nagaraju.