പശ്ചിമേഷ്യയെ വിറപ്പിച്ച് ഇസ്രയേൽ. ടെഹ്‌റാനിലും ബെയ്‌റൂട്ടിലും കനത്ത ആക്രമണം. തെഹ്റാനിലെ ഖമനയിയുടെ ഭൂഗര്‍ഭ ബങ്കറുകള്‍ 50 ജറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് ഇസ്രയേല്‍. ഖോം നഗരം ആക്രമിക്കുമെന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ്. അതേസമയം, യുഎസ് സൈനിക താവളങ്ങളുള്ള അറബ് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്നു.
Also Read: ദേനയെ യു.എസ് ആക്രമണത്തിന് വിട്ടുകൊടുത്തു? അനുമതി കാത്ത് കിടന്നത് 11 മണിക്കൂര്‍
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വ്യാപകമായ ആക്രമണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. നിരവധി മിസൈൽ കേന്ദ്രങ്ങളുള്ള കെർമാൻഷാ നഗരത്തിനു സമീപവും സ്ഫോടനങ്ങളുണ്ടായി. ഇറാന്റെ മിക്ക വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈൽ വിക്ഷേപണികളും ആക്രമണത്തിൽ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തെഹ്റാനിലെ ഖമനയിയുടെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍. ഖമനയിയുടെ മരണശേഷം ഇറാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ ബങ്കറുകള്‍ ഉപയോഗിച്ചിരുന്നു. ബങ്കറുകള്‍ തകര്‍ത്ത ഒാപ്പറേഷനില്‍ 50 ജെറ്റുകള്‍ പങ്കെടുത്തു. ഖോം നഗരത്തിലെ വ്യവസായ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇറാനിയൻ ഡ്രോൺ വാഹിനിക്കപ്പലിനെ ആക്രമിച്ച് തീയിട്ടതായി യുഎസ് സൈന്യം അറിയിച്ചു. കപ്പൽ കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങൾ യുഎസ് സൈന്യത്തിന്‍റെ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.
ഇറാനും തിരിച്ചടി തുടരുന്നു. യുഎസ് സൈനിക താവളങ്ങളുള്ള കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച പുലർച്ചെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള പോരാട്ടവും രൂക്ഷമായി. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും മറ്റ് മേഖലകളിലും ഇസ്രയേൽ തുടർച്ചയായി വ്യോമാക്രമണം നടത്തി. കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴിയണമെന്നാണ് മുന്നറിയിപ്പ്. വീടും നഗരവും ഒഴിഞ്ഞുപോകുന്നവരെ കൊണ്ട് റോഡുകള്‍ നിറഞ്ഞ അവസ്ഥയിലാണ്. പലരും ദിവസങ്ങളായി കഴിയുന്നത് വാഹനങ്ങളിലാണ്. സിറിയന്‍ അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ നീണ്ടനിരയാണ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍.
അതേസമയം, ഇറാനിലെ പുതിയ പരമോന്നത നേതാവിനെ തീരുമാനിക്കുന്നതില്‍ യു.എസ് ഇടപെടലുണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന് പിന്നാലെ ക്യൂബയിലും ഭരണമാറ്റമുണ്ടാകും. ഇറാനില്‍ ഇടവേളയില്ലാതെ ഇസ്രയേല്‍– യു.എസ് ആക്രമണം തുടരുന്നെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി
ഇറാന്റെ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ഓരോ മണിക്കൂറിലും എന്ന കണക്കില്‍ ആക്രമണം തുടരുന്നെന്നാണ് ട്രംപ് പറയുന്നത്. ഇറാന്റെ ആക്രമണശേഷി വലിയതോതില്‍ കുറഞ്ഞെന്നും കമാന്‍ഡ് സെന്ററുകള്‍ ഭൂരിഭാഗവും തകര്‍ത്തെന്നും ട്രംപ് വാഷിങ്ടണില്‍ പറഞ്ഞു. വ്യക്തമായ സമയപരിധിക്കുള്ളില്‍ ഇറാന്റെ സൈനികസംവിധാനം പൂര്‍ണമായി തകര്‍ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ട്രംപ് മുജ്തബയെ തള്ളിപ്പറഞ്ഞു. ഭരണപരിചയമില്ലാത്ത മുജ്തബയെ കഴിവില്ലാത്തവന്‍ എന്ന് ട്രംപ് പരിഹസിച്ചു. ഇറാനിൽ സമാധാനവും സൗഹാർദവും കൊണ്ടുവരുന്ന നേതാവിനെയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനില്‍ കരയുദ്ധത്തിന് യു.എസ് ഇല്ലെന്നും അതിനായി ഒന്നും അവിടെ അവശേഷിക്കുന്നില്ലെന്നും മറ്റൊരു മാധ്യമത്തോട് ട്രംപ് പറഞ്ഞു