പഴ്സനല്‍ സ്റ്റാഫിലെ ബന്ധുനിയമനത്തില്‍ നിയമപരമായി പ്രശ്നമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിനെ പോലെ ഒരാളെ തനിക്ക് വകുപ്പിൽ ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം തീരുമാനപ്രകാരമാണ് രാജി. എന്നാല്‍ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് മന്ത്രി ഒഴിഞ്ഞുമാറി.
ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവാണ് ബെന്നി തോമസ്. പാര്‍ട്ടിക്ക് വിമര്‍ശനം കേള്‍ക്കേണ്ടിവന്ന സാഹചര്യത്തിലാണ് പദവി ഒഴിയുന്നതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ബെന്നി തോമസ് വ്യക്തമാക്കി. നിയമനം വിവാദമാവുകയും പാര്‍ട്ടിക്ക് വിമര്‍ശനം നേരിടേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍ രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.
നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ബെന്നിയുടെ നിയമനത്തെ മന്ത്രി സണ്ണി ജോസഫ് ശക്തമായി പ്രതിരോധിച്ചിരുന്നു. നിയമനത്തിന് നിയമപരമായി തടസമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫ് വാദിച്ചിരുന്നു. ശനിയാഴ്ച കെ.പി.സി.സി നേതൃയോഗത്തില്‍ വിഷയം ഉയര്‍ന്നു. രണ്ടുതവണ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബെന്നി, ഡി.സി.സി സെക്രട്ടറിയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ ചീഫ് ഏജന്റുമായിരുന്നു. ബന്ധുവെന്ന നിലയില്‍ അല്ല നിയമനമെന്നും കഴിവും പരിചയസമ്പത്തും ഡി.സി.സി ശുപാര്‍ശ പരിഗണിച്ചുമാണെന്നും സണ്ണി ജോസഫ് യോഗത്തെ അറിയിച്ചു.
മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ മകനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതും സണ്ണി ജോസഫ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, നേതൃയോഗത്തില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് രാജിവേണ്ടെന്ന നിലപാടില്‍ മാറ്റം വന്നതെന്നാണ് സൂചന. അധികാരമേറ്റ ശേഷം സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആദ്യ വിവാദ ആരോപണങ്ങളില്‍ ഒന്നാണ് ബെന്നിയുടെ നിയമനം.