പ്രധാന സിപിഎം നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാന്‍ നേതാക്കളുടെ ശ്രമം തുടരുന്നതിനിടെ പാലക്കാട് തൃത്താലയിലെ കോണ്‍ഗ്രസ് ചേരിപ്പോര് രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് സി.വി.ബാലചന്ദ്രന്‍ മുന്‍ എംഎല്‍എ വി.ടി.ബല്‍റാമിനെതിരെ പാര്‍ട്ടി വേദിയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് വിഭാഗീയത മറനീക്കി പുറത്തു വന്നത്.
തൃത്താല കോഴിക്കരയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് കുടുംബസംഗമത്തിലായിരുന്നു സി.വി.ബാലചന്ദ്രന്‍റെ രൂക്ഷപരാമര്‍ശം. നൂലില്‍ കെട്ടിയിറക്കിയ നേതാവാണ് ബല്‍റാം. പാര്‍ട്ടിക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താത്തയാള്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബല്‍റാം തോറ്റത് ധാര്‍ഷ്ട്യം കൊണ്ട്, പാര്‍ട്ടിക്ക് മേലെ വളരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചിടണം, ഇങ്ങനെ നീളുന്നു ബാലചന്ദ്രന്‍റെ വിമര്‍ശനത്തിന്‍റെ തോത്.
തൃത്താലയിലെ വിഭാഗീയത കടുത്ത പ്രഹരമായി പിന്നീട് പുറത്തേക്ക് വന്നു. പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയിലടക്കം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. എന്നാല്‍ അതുവരെ പ്രതികരിക്കാതിരുന്ന ബല്‍റാം കഴിഞ്ഞ ദിവസം ഉച്ചയോടെ ഇങ്ങനൊരു പോസ്റ്റിട്ടു. നൂലിനു പകരം സ്വിപ്പ് ലൈനില്‍ നീങ്ങുന്ന ചിത്രം. ശേഷം ആലിക്കരയിലെ കുടുംബസംഗമത്തില്‍ വെച്ച് ബാലചന്ദ്രന് പരോക്ഷ മറുപടി നല്‍കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നിലവിലെ ചേരിപ്പോര് എന്നാണ് ആരോപണം. സിപിഎമ്മിനു മണ്ഡലത്തില്‍ സാധ്യത കുറഞ്ഞെന്നും ബാലചന്ദ്രന്‍ അവസരം ഒരുക്കി കൊടുക്കുകയാണെന്ന് ബല്‍റാം പക്ഷവും പ്രവര്‍ത്തകരുടെ വിമര്‍ശനമാണ് താന്‍ ഉന്നയിച്ചതെന്ന് സി.വി.ബാലചന്ദ്രനും പറയുന്നു. രംഗം വഷളായതോടെ ശാന്തമാക്കാന്‍ നേതാക്കള്‍ രംഗത്തുണ്ട്.