pala-election

പാലാ നഗരസഭയുടെ ഭരണം ആർക്കെന്ന് ഇനി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ തീരുമാനിക്കും. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് ആ മൂന്ന് കൗൺസിലർമാർ. പാലാ നഗരസഭയിലെ വോട്ട് എണ്ണിത്തീരുമ്പോൾ പത്ത് സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റും. നഗരസഭയിൽ 5 സ്വതന്ത്രന്മാരാണ് ജയിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്.

40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. ബിനുവിന്റെ മകളാണ് ദിയ. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. ഈ മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥാനാർഥികളുണ്ടായിരുന്നില്ല. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

പാലായിൽ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. ബിജു പുളിക്കക്കണ്ടം ദീർഘനാൾ കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സിനിമാരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ബിജു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തത സഹചാരിയായിരുന്നു.

ENGLISH SUMMARY:

Pala Municipality's governance will now be decided by the three independent councilors from the Pulikkakandam family. Following their expulsion from CPM, Binu Pulikkakandam, his daughter Diya Binu, and his brother Biju Pulikkakandam contested as independents and are now pivotal in determining the council's leadership.