'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാവ് സൗബിൻ ഷാഹിറിൻ്റെ വാദങ്ങൾ തള്ളി പരാതിക്കാരൻ സിറാജ്. പണം നൽകാമെന്ന് ഒരിക്കൽപോലും സൗബിൻ പറഞ്ഞിട്ടില്ലെന്നും, മുടക്കുമുതൽ ലഭിച്ചത് കോടതി ഇടപെട്ടതിന് ശേഷമാണെന്നും സിറാജ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഈ വിഷയത്തിൽ ഒരു മാധ്യമത്തോട് സിറാജ് പ്രതികരിക്കുന്നത് ഇതാദ്യമാണ്.
സിനിമയുടെ നിർമ്മാണത്തിൽ തനിക്ക് പങ്കാളിത്തമുണ്ടായിരുന്നെന്നും, എന്നാൽ ലാഭവിഹിതം നൽകാതെ തന്നെ ഒഴിവാക്കാൻ സൗബിൻ അടക്കമുള്ളവർ ശ്രമിച്ചുവെന്നുമാണ് സിറാജിന്റെ പ്രധാന ആരോപണം. കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
'മഞ്ഞുമ്മൽ ബോയ്സ്' സിനിമ വൻ വിജയമായിട്ടും തനിക്ക് അർഹമായ പ്രതിഫലം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിറാജ് കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടർന്നാണ് തനിക്ക് മുടക്കുമുതൽ തിരികെ ലഭിച്ചതെന്നും സിറാജ് വ്യക്തമാക്കി.