പി.കെ.ശശിക്കെതിരെ മണ്ണാർക്കാട് സിപിഎം നടത്തിയ പ്രതിഷേധത്തെച്ചൊല്ലി നേതാക്കള്‍ രണ്ടുതട്ടില്‍. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തീർക്കണമെന്നും തെരുവിലിറങ്ങുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ. കൃഷ്ണദാസ് മനോരമന്യൂസിനോട് പറഞ്ഞു. പ്രവർത്തകരുടെ പ്രതിഷേധം ശശിയുടെ പരാമർശത്തിൽ തോന്നിയ അസ്വസ്ഥത മൂലമെന്ന് ഏരിയ സെക്രട്ടറി പ്രതികരിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു ശശിയുടെ പക്ഷം.
പി. കെ ശശിയെ ചൊല്ലിയുള്ള തർക്കം മണ്ണാർക്കാട്ടിൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചർച്ചയാവുന്നുണ്ട്. എസ്എഫ്ഐ മുൻസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് പ്രതിഷേധത്തെ പൂർണമായി തള്ളി എൻ.എൻ കൃഷ്ണദാസ് രംഗത്തെത്തിയത്.
പി.കെ ശശി ഒരു പ്രതിസന്ധി അല്ലെന്നും ഒരു കമ്മ്യൂണിസ്റ്റിനും വലത് പക്ഷക്കാരനാവാൻ പറ്റില്ലെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. എന്നാൽ മണ്ണാർക്കാട് CPM ഏരിയ സെക്രട്ടറി NK നാരായണൻ കുട്ടിയുടെ അഭിപ്രായം മറ്റൊന്നായിരുന്നു. പി.കെ ശശി ചില പാർട്ടി വിരുദ്ധ പരാമർശം നടത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രതിഷേധം സ്വാഭാവികമെന്നും NK നാരായണൻ കുട്ടി.
സിപിഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ ശശി തീരുമാനിച്ചിട്ടുണ്ട്. നേതൃത്വം പറയട്ടെ എന്നാണ് ശശിയുടെ നിലപാട്. അതിനിടെ പാർട്ടി ഓഫിസിൽ പടക്കം എറിഞ്ഞ അഷ്‌റഫ് തങ്ങളുടെ പേര് പറഞ്ഞതിൽ ഗൂഡാലോചനയെന്ന് സിപിഎം നേതാക്കളായ മൻസൂറും ശ്രീരാജും മനോരമന്യൂസിനോട് പ്രതികരിച്ചു. പിന്നിൽ സിപിഎം തകർന്നു കാണാൻ താല്പര്യമുള്ളവരാണെന്നും ഇരുവരും പറഞ്ഞു.
മണ്ണാർക്കാടിലുള്ളത് ബിലാലല്ല, സായിപ്പ് ടോണിയാണെന്ന പരോക്ഷ വിമർശനവും ഇരുവരും നടത്തി. ശശിയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടായിരിക്കും നിർണായകമാകുക. പാർട്ടി നടപടിക്കു പലതവണ വിധേയമായിട്ടും ശശിയുടെ പേരിലുണ്ടാകുന്ന പ്രതിസന്ധികൾ നേതൃത്വം വിശദമായി നിരീക്ഷിച്ചു വരികയാണ്. അതേസമയം ശശിയെ അടർത്തിയെടുത്ത് പാളയത്തിൽ എത്തിക്കാനുള്ള കോൺഗ്രസ് നീക്കവും സജീവമായി തുടരുന്നുണ്ട്.