pk-sasi-boycott-cpm

TOPICS COVERED

പി.കെ ശശിക്ക് വീണ്ടും ബഹിഷ്കരണമേർപ്പെടുത്തി സിപിഎം. പാലക്കാട്‌ കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ പ്രവർത്തകർ പങ്കെടുക്കരുതെന്ന് ലോക്കൽ സെക്രട്ടറിയുടെ ആഹ്വാനം. ചടങ്ങിലേക്ക് ഉദ്ഘാടനത്തിനേറ്റ കോങ്ങാട് MLA കെ.ശാന്തകുമാരി പരിപാടിയിലെത്തിയില്ല. 

ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെയാണ് CPM ഉം പി.കെ ശശിയും നേരിട്ട് ഏറ്റുമുട്ടി തുടങ്ങിയത്.പരസ്യ പ്രതിഷേധത്തിലേക്ക് വരെ അന്ന് കാര്യങ്ങളെത്തി. ബഹിഷ്കരിച്ചു തുടങ്ങി.

സിപിഎം നിയന്ത്രണത്തിലുള്ള പാലക്കാട്‌ കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിന്റെ ഉദ്ഘാടനത്തിലാണ് ഒടുവിലത്തെ ബഹിഷ്കരണം. പി.കെ.ശശിയെ അനുകൂലിക്കുന്നവരും ഔദ്യാഗിക പക്ഷവും തമ്മിൽ മുറുമുറുപ്പുള്ള സൊസൈറ്റി ഉദ്ഘാടനത്തിനു സ്ഥലം എം.എൽ.എ കെ.ശാന്തകുമാരിയും പഞ്ചായത്ത് അധ്യക്ഷ സതി രാമരാജനും എത്തിയില്ല. പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കരുതെന്ന് കാണിച്ചു ലോക്കൽ സെക്രട്ടറി സമൂഹമാധ്യമങ്ങളിൽ സന്ദേശമിട്ടിരുന്നു. എം.എൽ.എയുടേതടക്കം പേരുകൾ ചടങ്ങിൽ ചേർത്തത് തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നാണ് സെക്രട്ടറിയുടെ സന്ദേശം.

ശാന്തകുമാരിയുടെ അസാന്നിധ്യത്തിൽ പി.കെ ശശി തന്നെ ഉദ്ഘാടനം ചെയ്തു.  എംഎൽഎ പങ്കെടുക്കാത്തതിനെപ്പറ്റി ശശി ഒന്നും പറഞ്ഞില്ല. ബഹിഷ്കരണം മുൻകൂട്ടി കണ്ട് വലിയ ആൾക്കൂട്ടം ചടങ്ങിനെത്തി.

നേരത്തെ ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പിൽ പി.കെ.ശശിയെ അനുകൂലിക്കുന്നവരെ ഒഴിവാക്കിയതിൽ അസ്വാരസ്യം പുകഞ്ഞിരുന്നു. ചേരിതിരിവു ജില്ലാ നേതൃത്വത്തിനും വലിയ തലവേദനയുണ്ടാക്കുന്നുണ്ട്. പി.കെ ശശിക്കെതിരെ പരസ്യ പ്രതികരണവുമായി കൂടുതൽ നേതാക്കളും രംഗത്തുണ്ട്.

ENGLISH SUMMARY:

PK Sasi faces another boycott from CPM. The latest boycott occurred at the inauguration of the CPM-controlled Palakkad Kanjirappuzha Rural Credit Co-operative Society office.