പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും, നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് തടസമില്ലാതെ തങ്ങളുടെ ശ്രമം തുടരുന്നതിനുള്ള കൈത്താങ്ങായാണ് എൽഡിഎഫ് സർക്കാർ “കണക്ട് ടു വർക്ക് പദ്ധതി” ആവിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ ലഭിച്ച അപേക്ഷകളിൽ അർഹരായ 10,000 പേർക്ക് സ്കോളർഷിപ്പ് അനുവദിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്കോളർഷിപ്പ് അനുവദിച്ചവരില്‍ 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ വീതം കൈമാറുകയും ചെയ്തിട്ടുണ്ട്. വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തടസങ്ങൾ മൂലമാണ് അവശേഷിക്കുന്നവർക്ക് തുക ക്രഡിറ്റ് ആവാത്തത്.
തടസം പരിഹരിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകളിലും തുക എത്തുന്നതാണ്. കേവലമൊരു ധനസഹായ പദ്ധതിയെന്നതിലുപരി, യുവജനങ്ങൾക്ക് നല്ല ഭാവിക്കായി തയ്യാറെടുക്കാനുള്ള ഊർജ്ജം പകരാനാണ് സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.