പി.കെ ശശിയെ തള്ളി സി. പി. എം പാലക്കാട് ജില്ലാ സെക്രട്ടറി. മണ്ണാർക്കാട് നഗരസഭയിൽ അഴിമതി നടന്നുവെന്നതാണ് പാർട്ടി നിലപാടെന്നും മറിച്ചൊരു നിലപാട് പാർട്ടി അംഗങ്ങൾ എടുത്താൽ അതത് ഘടകങ്ങൾ പരിശോധന നടത്തുമെന്ന് സി. പി. എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു. ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിക്കെത്തിയാണ് ശശി പാർട്ടി നിലപാടിനെതിരെ പ്രസംഗിച്ചത്.
മണ്ണാർക്കാടിൽ പി.കെ ശശി ഉയർത്തുന്ന പ്രതിസന്ധിക്കു മറുപടിയാണ് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നൽകിയത്. പാർട്ടി നടപടി നേരിടുന്ന ശശിയെ പൂർണമായി അവഗണിക്കാനാണ് പാർട്ടി തീരുമാനം. എന്നാൽ UDF ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പങ്കെടുക്കുകയും പാർട്ടി നേതാക്കൾക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്ത ശശിക്കെതിരെ കടുത്ത അതൃപ്തിയാണ് ഉയരുന്നത്. പാർട്ടിക്ക് വിരുദ്ധമായി സംസാരിച്ചാൽ അതാത് ഘടകങ്ങൾ പരിശോധിച്ചു നടപടി എടുക്കുമെന്ന് ശശിയുടെ പേര് പറയാതെ സുരേഷ് ബാബു പറഞ്ഞു വെച്ചു. ജില്ലയിലെ 42,222 അംഗങ്ങളിൽ ഒരാൾ മാത്രമാണ് ശശിയെന്ന് സുരേഷ്ബാബു പറഞ്ഞത് ശശിക്ക് പ്രത്യേക പരിഗണനയോ സംരക്ഷണമോ ഉണ്ടാകില്ല എന്ന് വ്യക്തമാക്കാനാണ്
എന്നാൽ ശശിയെ കോൺഗ്രസ് പാളയത്തിൽ എത്തിക്കാനുള്ള കോൺഗ്രസിന്റെ നീക്കം തുടരുകയാണ്. ശശിയുമായുള്ള കോൺഗ്രസ് നേതാക്കളുടെ ചർച്ച തുടരുകയാണെന്നാണ് വിവരം. നിയമസഭ തിരഞെടുപ്പിന് മുമ്പ് ശശിയെ ഒപ്പം നിർത്തിയാൽ പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് യു ഡി എഫ് കണക്ക് കൂട്ടൽ. ശശിക്കു അയോഗ്യതയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പറഞ്ഞു. അതെ സമയം പി കെ ശശിയെ കോൺഗ്രസിൽ എടുക്കുന്നതിന് എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ രംഗത്ത് വന്നു. സ്ത്രീ പീഡന പരാതി അടക്കം നേരിട്ട വ്യക്തിയെ സഹകരിപ്പിക്കരുതെന്നാണ് ദുൽകിഫിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.