പാലക്കാട് മണ്ണാർക്കാട്ടെ പി.കെ ശശി അനുകൂലികളുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി അസ്വാരസ്യം മുറുകുന്നു. സിപിഎം കൗൺസിലറും, മുൻ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം അടക്കമുള്ളവർ മത്സര രംഗത്തെത്തിയതോടെ ഔദ്യോഗികപക്ഷം പ്രതിസന്ധിയിലാണ്. എന്നാൽ തനിക്കായി ഒരു വിഭാഗവും പാർട്ടിയിലില്ലെന്നായിരുന്നു പി.കെ ശശിയുടെ വിശദീകരണം.
ജനകീയമതേതര മുന്നണി എന്ന പേരിലാണ് പി.കെ. ശശി അനുകൂല വിഭാഗം മണ്ണാർക്കാട് നഗരസഭയിൽ 11 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചു പ്രചരണത്തിനു തുടക്കമിട്ടു. പി.കെ ശശിയെ അനുകൂലിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്നു അവഗണന നേരിട്ടവരാണ് തങ്ങളെന്ന് സ്ഥാനാർഥികൾ പറഞ്ഞു
നഗരസഭയിൽ സിപിഎമ്മിനു നിർണായകമാകുന്ന ഇടങ്ങളിലെല്ലാം ഇവർ മൽസരിക്കുന്നുണ്ട്. കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കോട്ടോപ്പാടം പഞ്ചായത്തുകളിലും ശ്രീകൃഷ്ണപുരം, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിലിഷനുകളിലേക്കും മത്സരിക്കുന്നത് യുഡിഎഫ് പിന്തുണയോടെ. തൻ്റെ നിലപാടുകളോട് യോജികുന്നവർ ഉണ്ടാകാമെന്നും ആരും ഞാൻ പറഞ്ഞിട്ടല്ല മത്സരിക്കുന്നതെന്നുമായിരുന്നു വിഷയത്തിൽ പി.കെ ശശിയുടെ പ്രതികരണം
പി.കെ ശശി വിഭാഗം മത്സരിക്കുന്നത് ബാധിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ മറുപടി. വിഷയം ഏരിയ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. ശശി - സി.പി.എം പോര് മുറുകിയതിനു ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് എന്നിരിക്കെ സംസ്ഥാന നേതൃത്വവും വിഷയം പരിശോധിക്കുന്നുണ്ട്.