അനര്‍ട്ടിലെ നിയമനങ്ങളാണ് പി.എം.കുസും പദ്ധതിയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. അഴിമതി ആസൂത്രിതമെന്നും വൈദ്യുതിമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി അനര്‍ട്ടിന്‍റെ ചക്കരക്കുടമായെന്നും സോളര്‍ പാനല്‍ സ്ഥാപിച്ചതില്‍ വന്‍അഴിമതിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയാണ് പിഎം കുസും.
അനര്‍ട് സിഇഒയുടെ എക്സിക്യൂട്ടിവ് അസിസ്റ്റന്‍റിനെ കണ്‍സള്‍ട്ടന്‍റ് കമ്പനിയായ ഇവൈ (EY- ഏര്‍ണസ്റ്റ് ആന്‍ഡ് യങ്) ല്‍ നിയമിച്ചു. എന്നിട്ട് അതേ ആളെ ഇവൈ ഡെപ്യൂട്ടേഷനില്‍ അനര്‍ട്ടില്‍ നിയമിച്ചു. ഇത് ക്രമവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതുവഴി അനര്‍ട്ടിലെ എല്ലാ പ്രൊജക്ടുകളെയും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനായി വിനയ് എന്ന ഉദ്യോഗസ്ഥന്‍ മാറി. അനര്‍ട്ടില്‍ നടക്കുന്ന മുഴുവന്‍ ക്രമക്കേടുകള്‍ക്കും സിഇഒയെ സഹായിക്കാനാണ് ഈ ഉദ്യോഗസ്ഥനെ ഇവൈ നിയമിച്ചത്. അഴിമതി ആസൂത്രിതമാണെന്നതിന്‍റെ ഉദാഹരണമാണിതെന്നും ചെന്നിത്തല പറയുന്നു.
അനര്‍ട് സിഇഒയും വൈദ്യുതിമന്ത്രിയും അറിഞ്ഞാണ് ഈ അഴിമതി നടന്നത്. വൈദ്യുതി മന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫിസും അറിയാതെ ഈ ക്രമക്കേടുകള്‍ നടക്കില്ല. തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും വന്‍ അഴിമതി നടന്നു. 514 സോളാര്‍ പാനലുകള്‍ ആണ് സ്ഥാപിച്ചത്. ഓരോന്നിലും അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുല്യശേഷിയുള്ള വ്യത്യസ്ത പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ 50 ശതമാനം വരെ തുക വ്യത്യാസമുണ്ടായി. നിയമസഭ സമിതി ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് ജലസേചന പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനായി രണ്ടുമുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ പ്ലാന്‍റുകള്‍ സൗജന്യമായി വച്ചുനല്‍കുന്നതാണ് പി.എം.കുസും പദ്ധതി. 240 കോടി രൂപയുടെ പദ്ധതിയില്‍ വൈദ്യുതിമന്ത്രിയുടെ പിന്തുണയില്‍ നൂറുകോടിയുടെ അഴിമതി നടത്തിയെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്‍റെ കയ്യില്‍ പണമില്ലാത്തതിനാല്‍ നബാര്‍ഡില്‍ നിന്ന് 175 കോടി രൂപ വായ്പയെടുത്താണ് പദ്ധതി നടപ്പാക്കിയത്.
സോളര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് സിഇഒ നേരിട്ട് ടെന്‍ഡര്‍ വിളിച്ചതും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനനിരക്കിന്‍റെ ഇരട്ടിയിലേറെ തുകയ്ക്ക് കേരളത്തില്‍ ടെന്‍ഡര്‍ നല്‍കിയതും ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്ക് വരെ ഇതേ നിരക്ക് അനുവദിച്ചതുമെല്ലാം ഗുരുതര ക്രമക്കേടാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. 5 കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. ഇത് വൈദ്യുതി മന്ത്രിയുടെ പിന്തുണയും നിര്‍ദേശവും സര്‍ക്കാരിന്‍റെ പ്രത്യേകാനുമതിയും ഇല്ലാതെ നടക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.