ജെഎസ്കെ സിനിമയുടെ പേരുമാറ്റ വിവാദത്തിൽ സിനിമയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിൽ സമർപിച്ചു. ടൈറ്റിലിൽ ജാനകി എന്നത് ജാനകി.വിയും രണ്ടരമിനിട്ടിൽ ഏഴിടത്ത് വരുന്ന 'ജാനകി' എന്ന പേരും ഒഴിവാക്കി. ഇടവേളയ്ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റിനിടെയുള്ള രണ്ടരമിനിറ്റിലെ കോടതി രംഗത്തിലാണ് തിരുത്തൽ വരുത്തിയത്. 96 മാറ്റങ്ങളാണ് ആദ്യം സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതിയുടെ നിരന്തര ചോദ്യങ്ങൾക്കൊടുവിലാണ് രണ്ട് മാറ്റങ്ങളിലേക്ക് ഒതുങ്ങിയത്
Also Read: ‘ജാനകി’ ഇനി ‘ജാനകി.വി’; ടൈറ്റില്‍ മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍
ചിത്രത്തിന്റെ പേര്‘ജാനകി വി.’ എന്നു മാറ്റാൻ തയാറാണെന്നു നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാകും. കോടതിവിചാരണ രംഗങ്ങളിൽ ‘ജാനകി’ എന്നു പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ മാറ്റുകയോ വേണമെന്ന സെൻസർ ബോർഡിന്റെ നിബന്ധനയും നിർമാതാക്കൾ അംഗീകരിച്ചു.
സിനിമയുടെ എഡിറ്റ് ചെയ്ത പകർപ്പ് ലഭിച്ചാൽ 3 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നു നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ്സിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചു. ജഡ്ജി കഴിഞ്ഞദിവസം സിനിമ കണ്ടിരുന്നു. 3 തവണയായി കേസ് പരിഗണിച്ചാണ് തീരുമാനത്തിലെത്തിയത്.
‘ജാനകി’ എന്ന പേര് മാറ്റണമെന്ന മുൻനിലപാട് സെൻസർ ബോർഡ് മയപ്പെടുത്തിയിരുന്നു. കഥാപാത്രത്തിന്റെ മുഴുവൻ പേര് ജാനകി വിദ്യാധരൻ എന്നാണെന്നതു കണക്കിലെടുത്ത് സബ്ടൈറ്റിലിൽ ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ വേണം, കോടതി സീനുകളിൽ ‘ജാനകി’ എന്നതു മ്യൂട്ട് ചെയ്യണം എന്നീ ആവശ്യങ്ങളാണ് ബോർഡിനു വേണ്ടി അഡ്വ. അഭിനവ് ചന്ദ്രചൂഡ് ഉന്നയിച്ചത്.
പേരു മാറ്റാനാവില്ലെന്നും കോടതി സീനിൽ ഭേദഗതിയാകാമെന്നും നിർമാതാക്കൾ അറിയിച്ചെങ്കിലും സെൻസർ ബോർഡ് വഴങ്ങിയില്ല. ‘ജാനകി എന്ന പേരിനു മതപരമായ ബന്ധമില്ല’ എന്നെഴുതി കാണിച്ചാൽ മതിയാകുമോ എന്നു കോടതിയുടെ ചോദ്യത്തിൽ മറുപടിക്കായി കേസ് വീണ്ടും മാറ്റി. മൂന്നാമതും കേസ് പരിഗണിച്ചപ്പോഴാണ് പേരു പരിഷ്കരിക്കാമെന്നു നിർമാതാക്കൾ അറിയിച്ചത്. ടീസറും പോസ്റ്ററുകളും ഇതിനകം പുറത്തിറക്കിയിട്ടുള്ളതു പ്രശ്നമാകരുതെന്നും പറഞ്ഞു. കേസ് അന്തിമമായി പരിഗണിക്കുമ്പോൾ ഇക്കാര്യം പരിശോധിക്കാമെന്നു കോടതി വ്യക്തമാക്കി.