കേരള സര്‍വകലാശാലയിലെ പോരും തര്‍ക്കവും തുടരുന്നു. റജിസ്ട്രാറുടെ അവധി അപേക്ഷ തള്ളിയ വി.സിക്ക് മറുപടിയുമായി റജിസ്ട്രാര്‍ എത്തിയതോടെ ഇന്നും സര്‍വകലാശാലയില്‍ നാടകീയ സംഭവങ്ങള്‍ തുടരുമെന്ന് ഉറപ്പായി. റജിസ്ട്രാര്‍ സസ്പെന്‍ഷനിലായതിനാല്‍ അവധി നല്‍കാനാവില്ലെന്ന് വി.സി ഡോ.മോഹനനന്‍ കുന്നുമ്മല്‍ അറിയിച്ചതോടെ, സസ്പെന്‍ഷനിലല്ലെന്നും സിന്‍ഡിക്കേറ്റ് അതു റദ്ദാക്കിയെന്നും റജിസ്ട്രാര്‍ മറുപടി നല്‍കി. ഡോ. കെ.എസ്.അനില്‍കുമാര്‍ ഇന്ന് സര്‍വകലാശാലയിലെത്തും. ഇത് തടയാന്‍ വി.സി ശ്രമിച്ചാല്‍ വന്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങും. വീണ്ടും കോടതിയെ സമീപിക്കുന്നത് റജിസ്ട്രാറും സിന്‍ഡിക്കേറ്റും പരിഗണിക്കുകയുമാണ്.
സർവകലാശാല ഭരണത്തിൽ അമിതാധികാരം നടത്തുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെയും കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മലിനെതിരെയും സമരം ശക്തമാക്കാൻ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും.
രാവിലെ സർവകലാശാല ആസ്ഥാനത്തു എത്തുന്ന വൈസ് ചാൻസിലറെ വഴിയിൽ തടയാനും രാജഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്താനുമാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്ന എസ്.എഫ്.ഐയുടെ സമരം കഴിഞ്ഞ ദിവസത്തെ പോലെ ഏതറ്റം വരെയും പോയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിവാദങ്ങളും ഉയര്‍ന്ന് വന്നേക്കും.