msc-ship

കേരള തീരത്ത് എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതിൽ ഒഴിഞ്ഞുമാറി കപ്പൽ കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക ഭീമമാണെന്നും, ഇത് നൽകാനാവില്ലെന്നും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദമാണ് പ്രധാനമായും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി മുന്നോട്ടു വെക്കുന്നത്. വിവിധ വിഭാഗങ്ങളിൽ നഷ്ടപരിഹാരമായി 9,531 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഭീമമായ തുകയാണ്. ഇത് നൽകാനാവില്ല. ഇന്ധനം ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് പ്രശ്നമൊന്നും സംഭവിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് മാത്രമാണ് പ്രശ്നം.

കപ്പൽ മുങ്ങിയത് സംസ്ഥാനത്തിന്റെ സമുദ്രാതിർത്തിക്ക് ഉള്ളിലല്ല എന്നതിനാൽ കേന്ദ്രസർക്കാരാണ് നഷ്ടപരിഹാരത്തിനായി സ്യൂട്ട് നൽകേണ്ടതെന്നും കപ്പൽ കമ്പനി വാദിച്ചു. എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നൽകാനാകുമെന്ന് കമ്പനി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‍സി അകിറ്റേറ്റ - II ഇന്ന് വരെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവും കോടതി നീട്ടി.

കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന്റെ അഡ്മിറാലിറ്റി സ്യൂട്ടില്‍ ഓഗസ്റ്റ് ആദ്യവാരം ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും.

ENGLISH SUMMARY:

The Mediterranean Shipping Company (MSC) has distanced itself from liability over the sinking of the MSC Elisa-3 ship off the Kerala coast, stating in the High Court that the ₹9,531 crore compensation demanded by the state government is an enormous amount and cannot be paid. However, the court observed that there is no dispute regarding the sinking of the vessel or the resulting environmental damage.