സൗദിയില്‍ അപകടത്തില്‍പ്പെട്ട് വര്‍ഷങ്ങളോളം ദുരിതപര്‍വം താണ്ടിയ കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവ് ഒടുവില്‍ ജന്മനാടണഞ്ഞു. വലിയ സ്വപ്നങ്ങളുമായി പ്രവാസ ലോകത്തേയ്ക്കിറങ്ങി ചെന്ന ഷാജുവിന് പൊള്ളുന്ന അനുഭവങ്ങളായിരുന്നു ചുറ്റും.
ആറ് വര്‍ഷമായി സ്വപ്നം കാണുന്നതാണ് ഒടുവില്‍ യാഥാര്‍ഥ്യമായത്. പ്രാണനെപോലെ സ്നേഹിക്കുന്ന കുടുംബത്തെ ഇനി ഒരിക്കല്‍കൂടി ഇങ്ങനെ ചേര്‍ത്തുനിര്‍ത്താന്‍ പറ്റുമെന്ന് കരുതിയതല്ല ഷാജു. 2019ലാണ് ഷാജു ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് സൗദി പൗരന്‍ മരിച്ചത്.
ജയിലില്‍ കഴിഞ്ഞ കാലത്തെ ഓര്‍മ്മകള്‍ക്ക് നെഞ്ച് പിളരുന്ന ഭാരം. അപകടത്തില്‍ സൗദി പൗരന്‍റെ കുടുംബം ഇന്ത്യന്‍ തുകയായ 70 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പകുതി പണം ഷാജു ജോലി ചെയ്ത കമ്പനി നല്‍കി. ബാക്കി തുക നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും സമാഹരിച്ചു നല്‍കി. ഷീറ്റ് മേഞ്ഞ പാതി നിര്‍മിച്ച വീട് അത് പോലെ നില്‍ക്കുകയാണിപ്പോഴും. എങ്കിലും ഷാജു തിരിച്ചുവന്നല്ലോ. ഇനിയെല്ലാം തിരിച്ചുപിടിക്കാമെന്ന് കുടുംബം.