തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവിന്‍റെ മകള്‍ കസ്റ്റഡിയില്‍. കള്ളവോട്ട് ചെയ്തതിന് മലപ്പുറത്ത് ഒരാള്‍ പിടിയില്‍. കോഴിക്കോട് നാല് ബൂത്തുകളില്‍ വാക്കേറ്റവും സംഘര്‍ഷവും. കണ്ണൂരും കോഴിക്കോട്ടും ഒാപ്പന്‍ വോട്ടിനെചൊല്ലി തര്‍ക്കമുണ്ടായി. കണ്ണൂരില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂരില്‍ ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്.
മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കലങ്ങോടിയില്‍ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവ് അജയന്റെ മകള്‍ക്കെതിരെ പ്രിസൈഡിങ് ഒാഫിസര്‍ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് കൊടിയത്തൂരില്‍ രാവിലെ വോട്ട് ചെയ്ത ശേഷം പുളിക്കലില്‍ വീണ്ടും വോട്ട് ചെയ്യാനായിരുന്നു റിന്‍റു എം. അജയന്‍റെ ശ്രമം. റിന്‍റുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം മൊറയൂര്‍ പഞ്ചായത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സി.കെ. മുഹമ്മദ് മുദ്ദസിനെതിരെ പൊലീസ് കേസെടുത്തു. സഹോദരന്‍ മുഹമ്മദ് മുസമ്മിലിന്‍റെ വോട്ടാണ് മുഹമ്മദ് മുദ്ദസിര്‍ ചെയ്തത്. ഒാപ്പണ്‍ വോട്ടിനെചൊല്ലിയുള്ള തര്‍ക്കം പരിയാരം പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയുടെ മര്‍ദനത്തില്‍ കലാശിച്ചു. ബൂത്ത് ഏജന്‍റിനെ ഉള്‍പ്പടെ സിപിഎം ആക്രമിച്ചെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. കാരശേരി കാരമൂല ഈസ്റ്റില്‍ പത്തില്‍കൂടുതല്‍ ഓപ്പണ്‍ വോട്ടുകള്‍ ചെയ്തെന്ന് ആരോപിച്ച് ബിജെപി ബൂത്ത് ഏജന്‍റുമാര്‍ ഇറങ്ങിപ്പോയി. കോഴിക്കോട് വെള്ളയില്‍ ലീഗും സിപിഎമ്മും തമ്മിലും കല്ലാച്ചിയില്‍ എല്‍ഡിഫും യുഡിഎഫും തമ്മിലും വാക്കേറ്റമുണ്ടായി. ബൂത്ത് പരിസരത്ത് വോട്ടുചോദിച്ചതാണ് സംഘര്‍ഷത്തിന് കാരണം. തൃശൂര്‍ വലക്കാവ് എല്‍.പി സ്കൂളിലെ ബൂത്തില്‍ തേനിച്ച ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. പാലക്കാട് കാഞ്ഞിരത്ത് 6ാം വാര്‍ഡ് ഒന്നാം ബൂത്തില്‍ പോളിങ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് മാറ്റി. കണ്ണൂരില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി.സുധീഷാണ് മരിച്ചത്.