വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിലക്ക് ലംഘിച്ച് കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്.അനിൽകുമാർ സർവ്വകലാശാല ആസ്ഥാനത്ത് എത്തി.റജിസ്ട്രാറുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന വൈസ് ചാൻസിലറുടെ നിർദ്ദേശം സുരക്ഷാ ജീവനക്കാരും പൊലീസും അനുസരിച്ചില്ല. അതിനിടെ സർവകലാശാല റജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകി ഉത്തരവ് ഇറക്കി. പ്രശ്നത്തിൽ ഗവർണർ ഉടൻ നേരിട്ട് ഇടപെടില്ല.
ആരാണ് കേരള സർവകലാശാല റജിസ്ട്രാർ എന്ന ചോദ്യത്തിന്ന് ഉത്തരമില്ലാതെ ഇന്നും കേരള സർവകലാശാല കുഴങ്ങി നിൽക്കുകയാണ്. റജിസ്ട്രാർ സസ്പെൻഷനിലെന്ന് വിസിയും സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റും പറയുന്നതിനിടെ റജിസ്ട്രാർഡോ. കെ.എസ്. അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തി. അദ്ദേഹത്തെ തടയണമെന്ന വിസിയുടെ ഉത്തരവ് സുരക്ഷാ ഉദ്യോഗസ്ഥർ പാലച്ചില്ലെന്നു മാത്രമല്ല അവരുടെ സംരക്ഷണയിൽ കെ.എസ് അനിൽകുമാർ ചേമ്പറിലേക്ക് പോയി.നിയമപരമായി മാത്രം കാര്യങ്ങൾ നടത്തുമെന്ന് റജിസ്ട്രാർ പറഞ്ഞു.
മിനി കാപ്പന് റജിസ്ട്രാരുടെ ചുമതല കഴിഞ്ഞ ഏഴാം തീയതി നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല.ഇന്ന് രാവിലെ ആ ഉത്തരവും വി.സി പുറത്തിറക്കി.കൂടാതെ ജോയിന്‍റ് രജിസ്ട്രാർ പി ഹരികുമാറിനു പകരം ഹേമ ആനന്ദനും ചുമതല നൽകി ഉത്തരവിറക്കി.ഇരുവർക്കും ചുമതല ഏറ്റെടുക്കാനായിട്ടില്ല.പ്രശ്നത്തിൽ ഗവർണർ ഉടൻ നേരിട്ട് ഇടപെടില്ല ,വിസി കാര്യങ്ങൾ നോക്കട്ടെ എന്നാണ് രാജ്ഭവൻ്റെ നിലപാട്.