എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍ രാജ്ഭവന്‍റെ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സംസാരിക്കുകയും ചെയ്തതോടെ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. വാഹനത്തിലെ വെള്ളം തീരുന്നത് വരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് വലിച്ചിളക്കിയത്. കാവിവത്കരണത്തിന് ഗവര്‍ണറെ അനുവദിക്കില്ലെന്ന് പറഞ്ഞ എസ്എഫ്ഐ, മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് പ്രതിപക്ഷ നേതാവ് ആര്‍എസ്എസിന് പാദസേവ ചെയ്യുകയാണെന്ന് പരിഹസിച്ചു.
ഗവർണർക്കും വൈസ് ചാൻസിലർക്കുമെതിരെ പ്രതിഷേധമിരമ്പി ഇന്നും കേരള സർവകലാശാല ആസ്ഥാനം. വൈസ് ചാൻസലറെ തടയാനാണ് എസ്എഫ്ഐ - എഐഎസ്എഫ് പ്രവർത്തകർ സംഘടിച്ചതെങ്കിലും വിസി എത്താത്തതിനാൽ സമരം സംഘർഷത്തിലേക്ക് വഴിമാറിയില്ല. വൈസ് ചാൻസലർ ഗോ ബാക്ക് മുദ്രാവാക്യം വിളിയുമായി പൊലീസ് വലയം ഭേദിച്ച് സർവകലാശാല ഓഫിസിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച എഐഎസ്എഫ് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വീണ്ടും പ്രധാന കവാടം ഉപരോധിക്കാൻ എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തിയ എഐവൈഎഫ് പ്രവർത്തകരെയും പോലീസ് ബലപ്രയോഗത്തിലൂടെ നീക്കി.
സർവ്വകലാശാലയിലേക്ക് എത്തിയ ഡിവൈഎഫ്ഐ മാർച്ച് പ്രധാന കവാടത്തിൽ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. പ്രതിഷേധം എത്തിയപ്പോൾ തന്നെ ജലപീരങ്കി ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് പോലീസുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഉന്തും തള്ളുമായി. ആർഎസ്എസ് പറയുന്നത് അനുസരിച്ചാണ് വൈസ് ചാൻസിലർ പ്രവർത്തിക്കുന്നത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു. എസ്എഫ്ഐ സർവകലാശാലയിൽ നടത്തിയത് ഗുണ്ടായിസം ആണെന്ന് ആക്ഷേപിച്ച വി.ഡി.സതീശന് ആർഎസ്എസിന്റെ ഭാഷയാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.