ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ, കേരള എൻജിനിയറിങ്‌ പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ പുതുക്കിയ ഫലം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതോടെ റാങ്ക് പട്ടികയില്‍ വലിയ മാറ്റം വന്നു. ഒന്നാം റാങ്ക് ഉള്‍പ്പെടെ മാറി. തിരുവനന്തപുരം സ്വദേശിയായ ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വയ്ക്ക്.  ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സഖറിയയ്ക്കാണ് മൂന്നാം റാങ്ക്. 

ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലബസില്‍ പഠിച്ചവരും  79 പേര്‍ സിബിഎസ്ഇ സിലബസില്‍ പഠിച്ചവരുമാണ്. കേരള സിലബസ്സുകാര്‍ പിന്നില്‍പോയി. ആദ്യ പ്രസിദ്ധീകരിച്ച പട്ടികയില്‍ കേരള സിലബസുകാര്‍ 43 പേരുണ്ടായിരുന്നു.   

കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി ആയിരുന്നു നടപടി. ഇതോടെ ഗത്യന്തരമില്ലാതെയാണ് സര്‍ക്കാര്‍ റാങ്ക് പട്ടിക പുതുക്കി ഇറക്കിയത്. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി റദ്ദാക്കിയതിന് മതിയായ കാരണങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചത്.  

വിദഗ്ധസമിതി റിപ്പോർട്ട് പ്രകാരമാണ് പ്രോസ്പെക്റ്റസിൽ മാറ്റം വരുത്തിയതെന്നാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. തുടർന്ന് കോടതി നിർദ്ദേശപ്രകാരം സമിതി റിപ്പോർട്ട് സർക്കാർ ഹാജരാക്കി. റിപ്പോർട്ട് പരിശോധിച്ച കോടതി സർക്കാരിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തി. സമിതി നിർദേശിച്ചതിൽ നിന്ന് വ്യത്യസ്ഥമായ സമീപനമാണ് സര്‍ക്കാർ സ്വീകരിച്ചത്. മാർക്ക് ഏകീകരണം ഇത്തവണ നടപ്പാക്കാനാവില്ലെന്നായിരുന്നു വിദഗ്ധസമിതി ശുപാർശ. ഇത് മറച്ചു വെച്ചാണ് മാർക് എകീകരണം സർക്കാർ നടപ്പാക്കിയത്.

ENGLISH SUMMARY:

Following a High Court setback, the Kerala government has published a revised KEAM result, leading to major changes in the rank list, including a new first rank holder—Joshwa Jacob Thomas from Thiruvananthapuram. The updated list shows a significant drop in representation for Kerala syllabus students, with only 21 among the top 100, compared to 43 in the original list. The remaining 79 are CBSE students. The court rejected the state’s appeal and upheld the Single Bench verdict, which invalidated the previous normalization formula. The court found that the government had misrepresented the expert committee’s recommendation, which had advised against applying normalization this year.