കെ.എസ്.ആര്‍.ടി.സി പണിമുടക്കില്ലെന്ന ഗതാഗതമന്ത്രിയുടെ വാക്ക് വിശ്വസിച്ച് യാത്രക്കിറങ്ങിയവര്‍ പെരുവഴിയിലായി. പണിമുടക്കിന്റെ ആദ്യമണിക്കൂറുകളില്‍ നാമമാത്രമായി സര്‍വിസ് നടത്തിയെങ്കിലും മിക്കയിടത്തും സമരക്കാര്‍ തടഞ്ഞു. കാട്ടാക്കടയില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കരുനാഗപ്പള്ളിയില്‍ കണ്ടക്ടര്‍ക്കും മര്‍ദനമേറ്റു. മൂവാറ്റുപുഴയില്‍ ബസിന് നേരെ കല്ലേറുണ്ടായി. ഹെൽമെറ്റ് ധരിച്ചു ബസ്സ് ഓടിച്ച പത്തനംതിട്ടയിലെ ഡ്രൈവര്‍ ഷിബു തോമസ് കൗതുകക്കാഴ്ചയായി.
മന്ത്രിയുടെ ഈ നിര്‍ദേശം സ്വന്തം മണ്ഡലത്തിലെ ഡിപ്പോയിൽ പോലും നടപ്പായില്ല. ഒരു സര്‍വീസ് പോലും പത്തനാപുരം ഡിപ്പോയില്‍ നിന്ന് നടത്തിയില്ല. ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് വലിയ വാക്കേറ്റത്തിലേക്കും നയിച്ചു. തിരുവനന്തപുരത്ത് നിന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. എറണാകുളത്തും കൊല്ലത്തും സമരക്കാര്‍ ബസ് തടഞ്ഞു. കൊല്ലത്ത് അമൃത ആശുപത്രിയിലേക്കുള്ള ബസിന് മുന്നില്‍ സി.ഐ.ടി.യു കൊടി സ്ഥാപിച്ചു. നെടുമങ്ങാട് ഡിപ്പോയിലും കോഴിക്കോട് പാവങ്ങാട് ഡിപ്പോയിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കോഴിക്കോട്ടും തിരുവനന്തപുരത്തും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും എത്തിയ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി.
കരുനാഗപ്പള്ളിയിൽ നിന്നും സർവീസ് നടത്തവേയാണ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്. പണിമുടക്ക് ദിവസം സർവീസ് നടത്തുമോ എന്നു ചോദിച്ചായിരുന്നു മർദനമെന്നും ശ്രീകാന്ത് ആരോപിച്ചു. കോഴിക്കോട് നിന്ന് പാലായിലേക്ക് പോവുകായിരുന്ന ബസിന് നേരെയാണ് മൂവാറ്റുപുഴയില്‍ വച്ച് സമരക്കാര്‍ കല്ലെറിഞ്ഞത്. ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പത്തനംതിട്ടയിൽ നിന്നു കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസാണ് ഹെല്‍മെറ്റ് ധരിച്ച് ബസോടിച്ചത്. തന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ് വച്ചതെന്ന് അദ്ദേഹം പറഞ്ഞു
കോട്ടയം ഡിപ്പോയിൽ നിന്ന് തെങ്കാശിക്ക് പോയ ബസ് അടൂരിൽ തടഞ്ഞു. ഈരാറ്റുപേട്ടയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ ബസും കട്ടപ്പനയിൽ നിന്ന് എത്തിയ ബസും നഗരത്തിൽ തടഞ്ഞു. മുണ്ടക്കയത്ത് സമരാനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ അസഭ്യം പറഞ്ഞെന്നാണ് പരാതി. ആലപ്പുഴയില്‍ ജലഗതാഗതവകുപ്പിന്‍റെ ബോട്ടുകളും സര്‍വീസ് നടത്തിയില്ല. വള്ളംകളി നടക്കുന്ന ചമ്പക്കുളത്തേയ്ക്ക് പൊലീസ് സംരക്ഷണയില്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ട്രെയിന്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ സര്‍വീസുകളെ സമരം ബാധിച്ചിട്ടില്ല.