കോട്ടയം മെഡിക്കൽ കോളജിൽ രക്ഷാപ്രവർത്തനം വൈകിയതിനെചൊല്ലി വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയും കുറ്റബോധവും. രണ്ടു മണിക്കൂർ തിരച്ചിൽ നടത്താതെ മാറി നിന്നതിൽ വിമർശനം ശക്തമാണ്. മുഖ്യമന്ത്രിയുടെ അവലോകനയോഗമാണ് വഴിമുടക്കിയതെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. അതേസമയം മന്ത്രി വീണാജോര്‍ജിന് പിന്തുണയുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തി.
കെട്ടിടം തകർന്നു വീണപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞില്ല. ജില്ലാ ഫയർ ഓഫിസറും വൈകിയാണ് എത്തിയത്. മുഖ്യമന്ത്രിയുടെ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഉദ്യോഗസ്ഥ വൃന്ദം. ഫയർഫോഴ്സ് കെട്ടിടാവശിഷ്ടങ്ങൾ നീക്കിയില്ലെന്നാണ് മറ്റൊരു വിമർശനം. മണ്ണുമാന്തിയന്ത്രം എത്തിക്കാനായി രണ്ടു മണിക്കൂര്‍ കാത്തിരുന്നു.
അപകടകരമായ കെട്ടിടത്തിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്ന് നിർദേശിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരും ആദ്യം സ്ഥലത്തില്ലായിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാനായില്ലെന്ന സ്വയ വിമര്‍ശനവും പഴിചാരലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ തുടരുകയാണ്. അപകടത്തെക്കുറിച്ചുളള അന്വേഷണറിപ്പോര്‍ട്ട് കലക്ടര്‍ ഒരാഴ്ചക്കുളളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
അതേസമയം മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറങ്ങി. പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി.എന്‍. വാസവന്‍. പ്രതിഷേധം സ്വകാര്യ ആശുപത്രികള്‍ക്കുവേണ്ടിയാണെന്ന് ഇപി ജയരാജന്‍. പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലേക്ക് സമരം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ