സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്35 ബി യുദ്ധ വിമാനത്തിന്‍റെ ട്രോളുകളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. നിര്‍ത്തിയിട്ട വകയില്‍ നോക്കുകൂലി നല്‍കേണ്ടി വരും എന്നാണ് ഇതിലൊന്ന്. എന്നാല്‍ വിമാനത്താവളം ഉപയോഗിച്ച വകയില്‍ യുദ്ധ വാടക നല്‍കാന്‍ ബാധ്യസ്ഥരാണ്. നാളെ സാങ്കേതിക സംഘം എത്തുന്നതോടെ യുദ്ധവിമാനം ഭാഗികമായി പൊളിച്ച് ബ്രിട്ടീഷിലേക്ക് കടത്തുമെന്നാണ് വിവരം. ഇതോടെ ലക്ഷങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിന് ബ്രിട്ടീഷ് റോയല്‍ നേവി വാടകയായി നല്‍കേണ്ടി വരും.

Also Read: കേരളത്തില്‍ വച്ച് എഫ്-35ന്‍റെ 'ചിറക് അരിയും'; പാര്‍സലാക്കി ബ്രിട്ടനിലേക്ക് അയക്കും

അദാനി തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്നത്. വിമാനത്തിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. 10.7 മെട്രിക് ടണ്‍ ഭാരമുള്ള ചെറിയ ജെറ്റ് വിമാനങ്ങള്‍ക്ക് 5,000 രൂപയാണ് വാടക. 45.2 മെട്രിക് ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ക്ക് ദിവസം 50,000 രൂപ വരെ ചാര്‍ജ് ഈടാക്കും. 27,300 കിലോ അഥവാ 27.3 മെട്രിക് ടണ്ണാണ് എഫ്-35 ന്‍റെ ഭാരം. അതിനാല്‍ ഏകദേശം 26,261 രൂപയോളം പ്രതിദിന വാടകയായി നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ഡിഫന്‍സ് റഫിസര്‍ച്ച് വിങ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിഐപി വിമാനങ്ങൾ ഉപയോഗിക്കുന്ന ബേ 4 ലാണ് എഫ്-35 പാര്‍ക്ക് ചെയ്തിരിക്കുന്നത്. നിലവില്‍ യുദ്ധവിമാനം വിമാനത്താവള പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ല. ഭാരം കുറഞ്ഞ ഫൈറ്റര്‍ ജെറ്റായതിനാല്‍ വിമാനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന സാധാരണ അളവുകോൽ ഈ വിമാനത്തില്‍ ബാധമാകുമോ എന്നും സംശയമാണ്. വിഷയത്തില്‍ കേന്ദ്രസർക്കാര്‍ തീരുമാനമെടുക്കും എന്നാണ് വിവരം. അതേസമയം, എഫ്–35ബി വിമാനത്തിന് ഈടാക്കേണ്ട പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് വിമാനത്താവള വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്.

Also Read: ഡാറ്റ ചോര്‍ന്നാല്‍ ബ്രിട്ടന് എട്ടിന്‍റെ പണി! ഓരോ സ്ക്രൂ പോലും രേഖപ്പെടുത്തും; നിസാരമല്ല ‘പൊളിച്ചടുക്കല്‍'

11 കോടി ഡോളര്‍ (ഏകദേശം 935 കോടി രൂപ) വില വരുന്ന വിമാനമാണ് എഫ്-35ബി. ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് എഫ്-35ബി യുദ്ധവിമാനത്തെ ബ്രിട്ടനിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുള്ള യുദ്ധവിമാനാമണ് എഫ്-35ബി. 26 മീറ്റര്‍ വരെ നീളത്തില്‍ കാര്‍ഗോ വഹിക്കാന്‍ സാധിക്കുമെങ്കിലും നാല് മീറ്റര്‍ മാത്രമാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളുടെ വീതി. വിമാനത്തിന്‍റെ ചിറക് ഊരിമാറ്റാതെ എഫ്-35നെ കൊണ്ടുപോകുക സാധ്യമല്ലെന്ന് ചുരുക്കം.

ENGLISH SUMMARY:

The grounded British Royal Navy F-35B jet at Thiruvananthapuram airport is sparking discussions on parking fees. Weighing 27.3 metric tons and valued at ₹935 crore, it could incur a daily fee of ₹26,261, leading to lakhs in total, as a technical team arrives Saturday to dismantle and transport it via C-17 Globemaster.