trump-netanyhu

സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനം കൈമാറുന്നതിന് ഉപാധിയുമായി ഇസ്രയേല്‍. തങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സൗദിയെ പ്രേരിപ്പിക്കണമെന്ന് ഇസ്രയേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സൗദി കിരീടാവകാശിയും ട്രംപുമായി വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇസ്രയേല്‍ ബന്ധം ചര്‍ച്ചയാകും.

സൗദി അറേബ്യയ്ക്ക് എഫ് 35 കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിന് വിധേയമായിരിക്കണമെന്ന് ട്രംപിനെ ഇസ്രയേല്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അബ്രഹാം ഉടമ്പടിയുടെ ഭാഗമായി പ്രാദേശിക സുരക്ഷാസഹകരണത്തിന്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.

എഫ് 35 കൈമാറ്റം, യുഎസ് സൗദി സുരക്ഷാ കരാര്‍, ഇസ്രയേലുമായുള്ള നയതന്ത്രബന്ധം എന്നിവയായിരിക്കും ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ നടക്കുന്ന ട്രംപ്–മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയുടെ പ്രധാന വിഷയങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ യുഎഇക്കും ബഹ്റൈനും പിന്നാലെ സൗദി അറേബ്യയും അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഗാസ യുദ്ധം അവസാനിക്കുമ്പോള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞമാസം നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ അന്തിമതീരുമാനമായില്ലെങ്കിലും നയതന്ത്രബന്ധം തുടങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. അതേസമയം, പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനാകില്ലെന്നാണ് സൗദിയുടെ നിലപാട്.

ENGLISH SUMMARY:

Saudi Arabia is at the center of diplomatic discussions regarding the transfer of F-35 fighter jets. The potential transfer is linked to establishing diplomatic relations between Saudi Arabia and Israel, a key topic in upcoming discussions between US and Saudi leaders.