സാങ്കേതികത്തകരാറു മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം നന്നാക്കാന്‍ സാധിക്കില്ലെന്ന് ഇതിനകം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അങ്ങിനെയെങ്കില്‍ ബ്രിട്ടന്‍റെ മുന്നില്‍ ഇനി ഒരു മാര്‍ഗം മാത്രമേ ഉണ്ടാകുകയുള്ളൂ. വിമാനം പൊളിച്ച് ഭാഗങ്ങളാക്കി ബ്രിട്ടനിലേക്ക് തിരികെക്കൊണ്ടുപോകുക. അങ്ങിനെയെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബ് മാസ്റ്ററിലായിരിക്കും വിമാനഭാഗങ്ങള്‍ ബ്രിട്ടന്‍ തിരികെ കൊണ്ടുപോകുക.
സി-17 ഗ്ലോബ്മാസ്റ്ററിൽ കയറ്റണമെങ്കില്‍ വിമാനം ഭാഗങ്ങളാക്കി മാറ്റേണ്ടി വരും. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ പരിശീലനം നേടിയ എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ. ബ്രിട്ടീഷ് സൈന്യത്തിന്‍റെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും ക്ലാസിഫൈഡ് സാങ്കേതികവിദ്യയുള്ള വിമാനം പൊളിക്കുക. ഈ പ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടവും ഓരോ നീക്കവും രേഖപ്പെടുത്തുകയും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും. ALSO READ: ‘ഇങ്ങനെയൊക്കെ കുടുങ്ങാമോ? ശത്രുരാജ്യത്താണെങ്കിലോ?’ ഉത്തരം മുട്ടി റോയല്‍ നേവി ...
ഡേറ്റാ ചോര്‍ച്ചയുടെ സാധ്യത കുറയ്ക്കുന്നതിനായി ഓരോ സ്ക്രൂ പോലും സുരക്ഷാ കോഡ് ചെയ്തിരിക്കണം. സ്റ്റെൽത്ത് സാങ്കേതികവിദ്യ ചോര്‍ന്നാല്‍ അത് യുദ്ധ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും നയതന്ത്രപരവും സൈനികവുമായ നടപടികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യും. അതിനാല്‍ തന്നെ അത് സംരക്ഷിക്കേണ്ടത് ബ്രിട്ടന്‍റെ ദേശീയ പ്രതിരോധത്തിന് ഏറെ നിര്‍ണായകമാണ്. 2019 മെയിലാണ് ഇതിനുമുമ്പ് ആദ്യമായി ഒരു എഫ്-35 വിമാനം ചിറകുകൾ അഴിച്ചുമാറ്റി വ്യോമമാര്‍ഗം കൊണ്ടുപോകുന്നത്. ഫ്ലോറിഡയിലെ എഗ്ലിൻ എയർഫോഴ്‌സ് ബേസില്‍ നിന്നും ഒരു സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലായിരുന്നു ഇത് കയറ്റി അയച്ചത്. ALSO READ: നന്നാക്കാന്‍ സാധിക്കില്ല; തങ്ങളുടെ യുദ്ധവിമാനത്തെ പൊളിച്ച് കൊണ്ടുപോകാന്‍ ബ്രിട്ടണ്‍? റിപ്പോര്‍ട്ട് ...
അഴിച്ചുമാറ്റി കൊണ്ടുപോകാമെങ്കിലും എതെല്ലാം രാജ്യങ്ങളുടെ വ്യോമപാതയിലൂടെയാണ് കടന്നുപോകുന്നത് എന്നതും പ്രധാനമാണ് . വിമാനഭാഗങ്ങള്‍ വഹിക്കുന്ന ചരക്ക് വിമാനത്തിന് കടന്നുപോകാന്‍ ഈ രാജ്യങ്ങളുടെയെല്ലാം അനുമതി തേടേണ്ടതുണ്ട്. നൂതനമായ സ്റ്റെൽത്ത് കോട്ടിങും റഡാർ ബ്ലോക്കറുകളും എഫ്-35-ൽ ഉണ്ട്. ഈ ഫൈറ്റർ ജെറ്റിന് ആണവായുധങ്ങൾ വഹിക്കാനും ശേഷിയുണ്ട് . അതുകൊണ്ടു തന്നെ എഫ് 35 ബിയ്ക്കായി വ്യോമപാത തുറന്നു നല്‍കുന്നത് മറ്റ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ജൂണ്‍ 14നാണ് എഫ് 35ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിരികെ പോകാന്‍ കഴിയാതെ തിരുവനന്തപുരത്ത് ഇറക്കിയത്. സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തെങ്കിലും സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ പോകാനാതാതെ വിമാനം കേരളത്തില്‍ തന്നെ തുടരുകയായിരുന്നു. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്. കപ്പലില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ വിമാനം പരിശോധിച്ചെങ്കിലും നന്നാക്കാന്‍ സാധിച്ചില്ല. വിമാനം അറ്റകുറ്റപ്പണി നടത്താനുള്ള വിദഗ്ധ സംഘം നാളെ എത്തും. സാങ്കേതിക പ്രശ്നം പരിഹരിച്ചാല്‍ തിരികെ മടങ്ങാനുള്ള അനുമതി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നല്‍കിയിട്ടുണ്ട്.