സിംഗപ്പുര്‍ ചരക്കു കപ്പല്‍ വാന്‍ ഹയി 503 തീപിടിച്ചത് കണ്ടെയ്നറുകളിലെ രാസവസ്തുക്കളുടെ പ്രതിപ്രവര്‍ത്തനം മൂലമെന്ന് നിഗമനം. കപ്പല്‍ കമ്പനി വെളിപ്പെടുത്താത്ത രാസവസ്തു കണ്ടെയ്നറിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. വിഡിആര്‍ വിവരങ്ങള്‍ വീണ്ടെടുത്തെങ്കിലും ജീവനക്കാര്‍ ചൈനീസും പ്രാദേശിക ഭാഷകളും സംസാരിച്ചിരുന്നത് അന്വേഷണത്തിന് തടസമാകുന്നു.കപ്പലിന്റെ ഡെക്കിന് തീപിടിച്ചതായും അത് ജീവനക്കാര്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായതായും വിഡിആര്‍ പരിശോധനയില്‍ വ്യക്തമായി.
കണ്ണൂര്‍ അഴീക്കലിന് സമീപനം അറബിക്കടലില്‍ വാന്‍ ഹയ് 503 എന്ന ചരക്കു കപ്പല്‍ ജൂണ്‍ 9നാണ് തീപിടിച്ചത്. കണ്ടെയ്നറുകളിലൊന്നിലുണ്ടായിരുന്ന രാസവസ്തു വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് തീയുണ്ടാവുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തതാകാമെന്നാണ് മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗത്തിന്റെ നിഗമനം. കപ്പല്‍ കമ്പനി വെളിപ്പെടുത്താത്ത ഏതെങ്കിലും രാസവസ്തു കണ്ടെയ്നറുകളിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വിഡിആറിലെ വിവരങ്ങള്‍ കപ്പല്‍ ഉടമകള്‍ മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗത്തിന് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. കപ്പല്‍ അപകടത്തില്‍പ്പെട്ട സാഹചര്യം, ക്യാപ്റ്റന്‍ നല്കിയ നിര്‍ദേശങ്ങള്‍, ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം എന്നിവയുടെ വിശദാംശങ്ങളുണ്ട്.
എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. എന്നാല്‍ കപ്പല്‍ ജീവനക്കാരുടെ വിഡിആറിലെ സംഭാഷണം പ്രാദേശിക ഭാഷകളിലാണ്. ഇവ വിവര്‍ത്തനം ചെയ്യാന്‍ നടപടി ആരംഭിച്ചു. കപ്പിലിന്റെ ഡെക്കില്‍ ആദ്യം തീപിടിക്കുകയും അത് അണയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുകയും ചെയ്തതായി വിഡിആര്‍ പരിശോധനയില്‍ വ്യക്തമായി. തീ അണയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിനെ കന്യാകുമാരിക്കും മാലദ്വീപിനും ഇടയിലായി ഇന്ത്യന്‍ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിനു പുറത്തെത്തിച്ചു. വിഴിഞ്ഞം തുറമുഖത്തു നിന്നും 125 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍. എന്ജിന് റൂമിലെയും അറകളിലെയും വെള്ളം നീക്കം ചെയ്തു. പോര്‍ട്ട് ഒാഫ് റെഫ്യൂജ് ആയി തീരുമാനിച്ചിട്ടുള്ള ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖത്തേക്കു കപ്പല്‍ നീക്കാനായി ശ്രീലങ്കല്‍ സര്‍ക്കാരുമായി കപ്പല്‍ കമ്പനി ചര്‍ച്ച നടത്തിവരികയാണ്.