ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതർക്ക് കെപിസിസി പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ നൂറ് വീട് പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് എങ്ങുമെത്തിയില്ല. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിന് മുൻപായി തറക്കില്ലടൽ പോലും നടത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ പാർട്ടിയിൽ ഉയരുന്ന വികാരം. മേപ്പാടി പഞ്ചായത്തിൽ സ്ഥലം കണ്ടെത്തുന്നതിൽ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്ന് ജില്ലാ ഘടകത്തിലും വിമർശനം ഉയർന്നു.
ഭവന പദ്ധതിയെ ചൊല്ലി യൂത്ത് കോൺഗ്രസ് പഠനക്യാംപിൽ ഉയർന്ന വിമർശനം ചെന്ന് നിൽക്കുന്നത് കെപിസിസി നേത്യത്വത്തിന് നേരെയാണ്. രാഹുൽ ഗാന്ധിയുടെ നൂറ് വീട് പദ്ധതിയുടെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പണം സമാഹരിച്ചത്. ആ തുക 88 ലക്ഷം വരും. കെപിസിസിക്ക് പൊതുവായി പിരിഞ്ഞ് കിട്ടിയതാകട്ടെ 4 കോടി രൂപ. നൂറ് വീടിനായി ബാക്കി വരുന്ന 15 കോടിയോളം വരുന്ന തുക നേതാക്കൾ ഉൾപ്പെടെ സ്പോൺസർഷിപ്പ് ആയി നൽകുമെന്നാണ് പറഞ്ഞിരുന്നത്. തുക സമാഹരിക്കുന്നതിലെ കാലതാമസം സ്ഥലം ഏറ്റെടുക്കുന്നതിലും പ്രതിഫലിച്ചു. ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ ഭാഗത്ത് സ്ഥലം നോക്കി എങ്കിലും വിലയിൽ തീരുമാനം ആയില്ല. പദ്ധതി നടത്തിപ്പിനുള്ള കെപിസിസിയുടെ കമ്മിറ്റി തണുപ്പൻ മട്ടിലാണ് നീങ്ങിയതെന്ന് ജില്ലാ നേത്യത്വത്തിലെ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്. മുസ്‌ലിം ലീഗ് മേപ്പാടിയിൽ 11 ഏക്കർ ഭൂമി ഏറ്റെടുത്ത് 105 വീടിന് തറക്കല്ലിട്ടു. സർക്കാർ ടൗൺഷിപ്പിൻ്റെ ഭാഗമായി ഡിവൈഎഫ്‌ഐ 100 വീടിനുള്ള ധാരാണാപത്രവും 20 കോടിയും മുഖ്യമന്ത്രിക്ക് കൈമാറി.
ദുരന്തത്തിന്റെ ഒന്നാം വാർഷികമായ ഈമാസം 30ന് മുൻപ് സ്ഥലം ഏറ്റെടുത്ത് തറക്കല്ലിടൽ നടത്താൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് തന്നെ ഉറപ്പില്ല. ഉണ്ടായ നാണക്കേടിൽ നിന്ന് കരകയറാൻ ആദ്യഘട്ട ഭൂമി ഏറ്റെടുക്കൽ എന്ന ക്രമീകരണത്തിനും ആലോചനയുണ്ട്.