കൊച്ചി നഗരത്തില്‍ പൊലീസുകാരെയും ഓടിച്ചിട്ട് കടിച്ച് തെരുവുനായ. ഇന്നലെ രാത്രി ജില്ലാ കോടതി പരിസരത്താണ് ആരെയും കൂസാത്ത തെരുവുനായ അഴിഞ്ഞാടിയത്. രാത്രി എട്ട് മണിയോടെ ജില്ലാ കോടതിക്ക് മുന്നില്‍ നിന്ന സിപിഒ അന്‍സാരിയായിരുന്നു ആദ്യത്തെ ഇര. ഇരുട്ടില്‍ എവിടെ നിന്നോ പാഞ്ഞുവന്ന തെരുവുനായ അന്‍സാരിയുടെ കാലില്‍ പല്ലിറക്കി. വേദനകൊണ്ട് പുളഞ്ഞ അന്‍സാരി ഒടുവില്‍ നായയെ കുടഞ്ഞെറിഞ്ഞു. അന്‍സാരിയുടെ നിലവിളി കേട്ട് ഓടി വന്നത് കോടതിയിലെ വാച്ചര്‍ അയ്യപ്പ കൈമള്‍. കാലില്‍ നിന്ന് ചോരവാര്‍ന്ന അന്‍സാരിയെ പെട്ടെന്നു തന്നെ സമീപത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പ്രതിരോധ വാക്സിനുമെടുപ്പിച്ചു. 

അന്‍സാരിയെ ആശുപത്രിയിലാക്കി തിരികെ ജില്ലാ കോടതിയിലെത്തിയ അയ്യപ്പ കൈമളിനെ കാത്ത് അതേ തെരുവുനായ കാത്തിരിപ്പുണ്ടായിരുന്നു. കോടതി മുറ്റത്ത് നിന്ന് അയ്യപ്പ കൈമളിന്‍റെ കാലില്‍ മുട്ടിന് താഴെയായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ തെരുവുനായ സ്ഥലംവിട്ടു. ചോരവാര്‍ന്ന കാലുമായി അയ്യപ്പ കൈമളും ജനറല്‍ ആശുപത്രിയിലെത്തി. ഇരുവര്‍ക്ക് പിന്നാലെ തെരുവുനായയുടെ കടിയേറ്റ് കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തി. പത്തിലേറെ പേര്‍ക്കാണ് ഇന്നലെ രാത്രി മാത്രം കടവന്ത്ര, കോടതി പരിസരങ്ങളില്‍ നിന്ന് തെരുവുനായയുടെ കടിയേറ്റത്. ഇതേ നായ തന്നെയാണ് രാവിലെ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിനിയെയും ജീവനക്കാരിയെയും ആക്രമിച്ചതെന്നാണ് സൂചന. അപകടകാരിയായ തെരുവുനായ ഇപ്പോളും ജില്ലാ കോടതി പരിസരത്ത് കറങ്ങുന്നുണ്ട്. പൊലീസുകാരും അഭിഭാഷകരും കുറ്റവാളികളും, ജാഗ്രതൈ!

ENGLISH SUMMARY:

A rogue stray dog has wreaked havoc in Kochi, biting over ten people, including a police officer, near the District Court premises last night. The first victim was CPO Ansari, who was attacked around 8 PM. Later, the same dog bit Ayyappa Kaimal, a court watcher, as he returned from taking Ansari to the hospital. Multiple other individuals were subsequently admitted to the hospital with dog bites from the Kadavanthra and court areas. Authorities suspect this is the same aggressive dog that attacked a student and staff member at Maharaja's College earlier in the day. The dangerous stray is still roaming the District Court vicinity, prompting a warning for locals.