സംസ്ഥാനത്ത് പകർച്ച വ്യാധി പ്രതിരോധവും പാളി. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ജൂണിൽ വിവിധ പകർച്ച വ്യാധികൾ 60 ജീവൻ കവർന്നു. ഒരു മാസത്തിനിടെ പതിനായിരത്തോളം പേർക്ക് ഡങ്കിപ്പനി ബാധിച്ചപ്പോൾ എലിപ്പനി ബാധിച്ച് 38 പേർ മരിച്ചു.
സംസ്ഥാനത്ത് പകർച്ചപ്പനി പിടിമുറുക്കുന്നു. തിങ്കളാഴ്ച മാത്രം പനി ബാധിച്ച് ചികിൽസ തേടിയത് 10783 പേരാണ്. മഴക്കാലത്തെ പേടിസ്വപ്നമായ ഡങ്കിപ്പനി ജൂണിൽ മാത്രം 1951 പേർക്ക് സ്ഥിരീകരിച്ചു. 7394 പേർ ഡങ്കിപ്പനി സംശയിച്ച് ചികിൽസയിലാണ്. 651 പേർക്കാണ് എലിപ്പനി ബാധിച്ചത്. 22 മരണം സ്ഥിരീകരിച്ചപ്പോൾ 16 പേരുടെ ജീവൻ കവർന്നത് എലിപ്പനിയെന്ന് സംശയിക്കുന്നു. 3289 പേരാണ് മഞ്ഞപിത്തത്തിൻ്റെ പിടിയിൽ അകപ്പെട്ടത്. വയറിളക്ക രോഗങ്ങളും പടരുകയാണ്. മഴ കനക്കുന്നതോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.