Bengaluru: India A team skipper Shubman Gill during a press conference ahead of Duleep Trophy 2024 match between India A and India B at Chinnaswamy Stadium, in Bengaluru, Wednesday, Sept. 4, 2024. (PTI Photo/Shailendra Bhojak) (PTI09_04_2024_000143B)
വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ ശുഭ്മന്‍ ഗില്‍ കളിക്കില്ല. അസുഖബാധിതനായതിനെ തുടര്‍ന്നാണ് തീരുമാനം. നോര്‍ത്ത് സോണിന്‍റെ ക്യാപ്റ്റനായിരുന്നുവെങ്കിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. രക്തപരിശോധനാ ഫലമടക്കം താരം ബിസിസിഐക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ചണ്ഡീഗഡിലെ വീട്ടില്‍ വിശ്രമത്തിലാണ് താരം.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമിനെ നയിച്ച ഗില്‍ മൂന്ന് സെഞ്ചറിയും ഒരു ഇരട്ട സെഞ്ചറിയും നേടി ജയത്തോളം പോന്ന സമനില സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് പിന്നാലെ ഗ്രീസില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അസുഖം പിടിപെട്ടത്.
2023 ഒക്ടോബറില്‍ ഡെങ്കിപ്പനി പിടിപെട്ടതിനെ തുടര്‍ന്ന് ഗില്ലിന് ഏകദിന ലോകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ നഷ്ടമായിരുന്നു. ഗില്ലിന് വൈറല്‍ ഫീവറാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് റെവ്സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കരുതലെന്ന നിലയില്‍ ഈ മാസം ആദ്യം മുംബൈയിലെ ലാബില്‍ നിന്നും രക്തപരിശോധന നടത്തിയതാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
അസുഖമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഗില്‍ ഏഷ്യാകപ്പില്‍ കളിച്ചേക്കില്ലെന്ന ആശങ്കയും ആരാധകര്‍ പങ്കുവയ്ക്കുന്നു. അസുഖം മാറി മടങ്ങിയെത്തിയാല്‍ തന്നെ ടൂര്‍ണമെന്‍റിലുടനീളം ഗില്‍ കളിക്കാന്‍ സാധ്യതയില്ല. ട്വന്‍റി20 ടീമിലേക്ക് ഒരിടവേളയ്ക്ക് ശേഷമാണ് ഗില്‍ തിരിച്ചെത്തിയത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന്‍റെ ഓപ്പണര്‍ സ്ഥാനത്തിനും ഭീഷണി ഉയര്‍ന്നു. സഞ്ജുവിനെ അഞ്ചാമനായി കളിപ്പിച്ചേക്കുമെന്നും ഗില്‍ ഓപ്പണറാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.