രണ്ട് ദിവസത്തിനിടെ എറണാകുളം ജില്ലയിൽ രണ്ട് പനിമരണം. എലിപ്പനി ബാധിച്ച് മുളന്തുരുത്തിയിൽ 56 വയസ്സുള്ളയാൾ മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പുളിയനം സ്വദേശിയായ 29 കാരൻ മരിച്ചത് പനിമൂലം ആണെന്നും സ്ഥിരീകരിച്ചു. ഇതോടെ പനി ബാധിച്ച് ജൂലൈയിൽ മാത്രം മരിച്ചവരുടെ എണ്ണം 14 ആയി. അതിൽ എട്ടു പേരാണ് എലിപ്പനി മൂലം മരിച്ചത്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് എലിപ്പനി മരണം കൂടുതൽ എറണാകുളം ജില്ലയിലാണ്. ഡെങ്കിപ്പനി, ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണവും മറ്റു ജില്ലകളെക്കാൾ കൂടുതലാണ്. ദിവസേന 800 ലധികം ആളുകൾക്കാണ് പനി സ്ഥിരീകരിക്കുന്നത്. കുസാറ്റ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പകർച്ചപ്പനി വ്യാപനത്തെ തുടർന്ന് റെഗുലർ ക്ലാസുകൾ ഓൺലൈൻ ആക്കിയിരുന്നു.