ഡിജിപി റവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവയ്പില്‍ പങ്കില്ലെന്ന് ഇപ്പോള്‍ വാദിക്കുന്ന സിപിഎമ്മിന്, പിന്നെ എന്തിന് അദ്ദേഹത്തെ കേസില്‍ പ്രതിയാക്കി സുപ്രീം കോടതി വരെ കയറ്റി എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. റവാഡയ്ക്കെതിരെ തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വന്ന് 14 മാസത്തിനുശേഷം റവാഡയെ പത്താം പ്രതിയാക്കി കേസെടുത്തത് നായനാര്‍ സര്‍ക്കാരാണ്.
കൂത്തുപറമ്പ് വെടിവയ്പ് സമയത്ത് അധികാരത്തിലിരുന്ന കരുണാകരന്‍ സര്‍ക്കാര്‍ നിയോഗിച്ച പത്മനാഭന്‍ നായര്‍ കമ്മീഷന്‍ റവാഡ ചന്ദ്രശേഖര്‍ കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്. റിപ്പോര്‍ട്ടിലെ 172, 173 പേജുകളില്‍ ഇങ്ങനെ പറയുന്നു. വെടിവയ്പ് നടക്കുന്നതിന്റ തലേദിവസം മാത്രം തലശേരിയിലെത്തിയ റവാഡയ്ക്ക് കൂത്തുപറമ്പിന്റെ ഭൂമി ശാസ്ത്രമോ രാഷ്ട്രീയ പരിസ്ഥിതിയോ പശ്ചാലത്തലമോ അറിയില്ലായിരുന്നു. ഇതേ വാചകങ്ങളാണ് റവാഡയെ ന്യായീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും നിരത്തുന്നതും.
ഡിെഎജി ശേഖരന്‍ മിനിയോടന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ റവാഡ അറസ്റ്റിലായി. അന്ന് പത്തനംതിട്ട എസ് പിയായിരുന്ന റവാഡയെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് അന്വേഷണ കമ്മീഷന്റ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തന്നെ റവാഡയെ ഹൈക്കോടതി പിന്നീട് കുറ്റവിമുക്തനാക്കി. എന്നിട്ടും കലിയടങ്ങാതെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍പോയി. സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും റവാഡയെ ഏറെനാള്‍ സര്‍വീസില്‍ തിരികെയെടുക്കാതെ പുറത്തുനിര്‍ത്തുകയും ചെയ്തു. പുതിയ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ പഴയകാര്യങ്ങള്‍ പാര്‍ട്ടി സൗകര്യപൂര്‍വം മറക്കുകയാണെന്ന് വ്യക്തം.