മെഡിക്കല്‍ കോളജുകളിലെ ഉപകരണക്ഷാമം പുറത്തുകൊണ്ടുവന്ന ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ കടന്നാക്രമണവുമായി സിപിഎം. ഡോക്ടറുടേത് വിമര്‍ശിക്കപ്പെടേണ്ട നടപടിയെന്ന് എം.വി.ഗോവിന്ദനും പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തിയെന്ന് സജി ചെറിയാനും കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പാര്‍ട്ടിയും നിലപാട് കടുപ്പിച്ചതോടെ ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്നാണ് ആരോഗ്യകേരളം ഉറ്റുനോക്കുന്നത്. ഇന്നലെ വരെ ഡോക്ടറെ പിന്തുണച്ചു ആരോഗ്യമന്ത്രി ഇന്ന് മൗനം പാലിച്ചു. എന്നാല്‍ ഡോക്ടറെ പിന്തുണച്ചായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
ഉപകരണങ്ങളില്ലാത്തതിനാല്‍ രോഗികളുടെ ശസ്ത്രക്രീയ മുടങ്ങുന്ന ദയനീയചിത്രം തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി മേധാവി തുറന്ന് കാട്ടിയത് ശനിയാഴ്ച. കേരളം ഡോക്ടര്‍ക്ക് പിന്തുണയര്‍പ്പിച്ചപ്പോള്‍ ആരോഗ്യമന്ത്രിക്കും ഡോക്ടര്‍ മിടുക്കനായിരുന്നു.
ഡോക്ടര്‍ ആവശ്യപ്പെട്ട ഉപകരണം ഇന്നലയെത്തിച്ചു, പ്രശ്നം താല്കാലികമായി പരിഹരിച്ചു. അതിന് തൊട്ടുപിന്നാലെ നാല് ദിവസം നല്ലവനായിരുന്ന ഡോക്ടര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും വില്ലനായി മാറി. ഡോക്ടര്‍ കേരളത്തെ താറടിച്ച് കാണിച്ചെന്ന് ആരോപിച്ച് ഇന്നലെ കണ്ണൂരിലെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയാണ് ആക്രമണത്തിന് തുടക്കമിട്ടത്. ഇന്ന് നേരം പുലര്‍ന്നപ്പോള്‍ പാര്‍ട്ടി പത്രത്തിലെ എഡിറ്റോറിയലില്‍ തന്നെ ഡോക്ടര്‍ വധം. പാര്‍ട്ടി സെക്രട്ടറിയും ഏറ്റെടുത്തു.
ചിലപ്പോള്‍ ഉപകരണവും മരുന്നും ഉണ്ടാകില്ലങ്കില് എന്താ എന്ന് വരെയായി മന്ത്രിയുടെ വിമര്‍ശനം. ഡോക്ടര്‍ക്കെതിരായ കടന്നാക്രമണം ഫലത്തില്‍ ആരോഗ്യമന്ത്രിയുടെ നിലപാടിനെ കൂടി പാര്‍ട്ടി തള്ളുന്നതായി. അതിനാല്‍ ഇന്ന് ആരോഗ്യമന്ത്രിക്ക് മിണ്ടാട്ടിമില്ല. ഹാരിസ് പറഞ്ഞത് ഉദേശശുദ്ധിയോടെയെന്ന് പറയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി സിപിഎം നിലപാടിനൊപ്പമല്ല. പക്ഷെ സിപിഐയുടെ മന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ സിപിഎം പറഞ്ഞതിനോടാണ് യോജിപ്പ്.
ഡോക്ടറുടെ തുറന്ന് പറച്ചില് നാണക്കേടായപ്പോള്‍ വിമര്‍ശിച്ച് മുഖംരക്ഷിക്കുകയെന്ന തന്ത്രത്തിനപ്പുറം ഹാരിസിനെതിരെ നടപടിക്ക് മുതിരുമോയെന്ന് കണ്ടറിയണം.