സംസ്ഥാനത്ത് വീണ്ടും ശസ്ത്രക്രിയാപ്പിഴവെന്ന് പരാതി. ഇത്തവണ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് രോഗിയും കുടുംബവും ഗുരുതര ചികിത്സാ വീഴ്ച ആരോപിക്കുന്നത്. കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയ ഷീബ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
ഡിസംബര്‍ മൂന്നാം തീയതിയാണ് കഴക്കൂട്ടത്തെ സി എസ്.ഐ മിഷന്‍ ആശുപത്രിയില്‍ മേനംകുളം സ്വദേശിയായ ഷീബ Appendicitis നെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായത്. ഒന്‍പതു ദിവസം ആശുപത്രിയില്‍കഴിഞ്ഞശേഷം ഡിസ്ചാര്‍ജ് ചെയ്തു. മുറിവിന്‍റെ ഒരുഭാഗം ഉണങ്ങാതെ കഠിന വേദനയും പഴുപ്പും പിറകെയെത്തി. ആദ്യ ശത്രക്രിയയില്‍ മുറിവിനൊപ്പം തുണിയും തുന്നിച്ചേര്‍ക്കുകയായിരുന്നു എന്നാണ് നിഗമനം. രണ്ടാമതും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു.
മൂന്നുമാസം കഠിനമായ വേദനയും ശാരീരിക, മാനസിക പ്രയാസവും അനുഭവിച്ച രോഗിക്ക് നഷ്ടപരിഹാരം നല്‍കാന്‍പോലും ആശുപത്രി തയാറായില്ലെന്നാണ് പരാതി ഉയരുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിറകെ സ്വകാര്യആശുപത്രിക്കെതിരെയും ശസ്ത്രക്രിയാപ്പിഴവെന്ന പരാതി ഉയരുമ്പോള്‍ , സിസ്റ്റത്തിനപ്പാടെ തിരുത്തല്‍ ചികിത്സ വേണ്ടിവരുമെന്ന് ഉറപ്പാകുകയാണ്.