റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി. സീനിയോരിറ്റിയില്‍ ഒന്നാമനായ നിതിന്‍ അഗര്‍വാളിനെ മറികടന്നാണ് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടറായ റവാഡയെ നിശ്ചയിച്ചത്. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടതില്‍ ഉദ്യോഗസ്ഥനെ മാത്രം പഴിക്കേണ്ടെന്നും മുഖ്യമന്ത്രി തീരുമാനിച്ചു. നിലവിലെ മേധാവി ദര്‍വേഷ് സാഹിബ് വൈകിട്ട് വിരമിക്കും. റവാഡ കേന്ദ്രത്തില്‍ നിന്നെത്തും വരെ എച്ച്. വെങ്കിടേഷിന് താല്‍കാലിക ചുമതല.

18 വര്‍ഷം മുന്‍പ്, തിരുവനന്തപുരം കമ്മീഷണറായിരിക്കെ കേന്ദ്രത്തിലേക്ക് പറന്നതാണ് റവാഡ ചന്ദ്രശേഖര്‍. തിരികെയെത്തുന്നത് കേരള പൊലീസിന്‍റെ തലപ്പത്തേക്ക്. 41 ാമത് സംസ്ഥാന പൊലീസ് മേധാവിയായി. യു.പി.എസ്.സി പട്ടികയിലെ മൂന്ന് പേരില്‍ യോഗേഷ് ഗുപ്ത സര്‍ക്കാരിനോട് ഉടക്കിയതും നിതിന്‍ അഗര്‍വാളിനോട് താല്‍പര്യമില്ലാത്തതും റവാഡയ്ക്ക് അനുഗ്രഹമായി. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട റവാഡയ്ക്ക് നിലവിലെ ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും വഴിതുറന്നു. സര്‍വീസിന്‍റെ തുടക്കകാലത്ത് എ.എസ്.പിയായിരിക്കെ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടെന്ന ചരിത്രം തിരിച്ചടിയാകുമോയെന്ന ആശങ്കപ്പെട്ടിരുന്നു. വെടിവെപ്പിന് ഉദ്യോഗസ്ഥന്‍ മാത്രമല്ല ഉത്തരവാദിയെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി തന്നെ റവാഡയുടെ പേര് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭയോഗത്തില്‍ പ്രഖ്യാപിച്ചു. 

നിയമനം വരുമ്പോള്‍  കേന്ദ്ര ഐ.ബി സ്പെഷല്‍ ഡയറക്ടറായ റവാഡ ഡല്‍ഹിയിലാണ്. അവിടന്ന് വിടുതല്‍ ലഭിച്ച ശേഷം മാത്രമേ കേരളത്തില്‍ ചുമതലയെടുക്കു. അതുവരെ എച്ച്. വെങ്കിടേഷിനാണ്  ചുമതല. അങ്ങിനെ കേന്ദ്രത്തില്‍ നിന്ന് കേരള പൊലീസിന്‍റെ തലപ്പത്തേക്ക് വരുന്ന ആദ്യ മേധാവിയെന്ന ചരിത്രവും റവാഡ കുറിക്കുകയാണ്

തലശേരി എ.എസ്.പിയായി തുടങ്ങിയ റവാഡ പത്തനംതിട്ടയിലും മലപ്പുറത്തും എസ്.പിയായും തിരുവനന്തപുരത്ത് കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. ​2007ല്‍ കേന്ദ്ര സര്‍വീസിലേക്ക് പോയ റവാഡ ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ച ശേഷമാണ് തിരികെയെത്തുന്നത്. ദര്‍വേഷ് സാഹിബിന്‍റെ പിന്‍ഗാമി അദേഹത്തിന്‍റെ സ്വന്തം നാട്ടുകാരനായതോടെ തുടര്‍ച്ചയായി കേരള പൊലീസ് തലപ്പത്തെത്തുന്ന രണ്ടാമത്തെ ആന്ധ്രാ സ്വദേശിയെന്ന പ്രത്യേകതയുണ്ട്. 2027 ജൂലായ് വരെ സര്‍വീസ് ലഭിക്കും. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പൊലീസിനെ  നയിക്കുകയെന്ന വെല്ലുവിളിയാണ് സൗമ്യ സ്വഭാവമുള്ള കണിശക്കാരന്‍ എന്ന് അറിയപ്പെടുന്ന റവാഡയെ കാത്തിരിക്കുന്നത്. 

അതേസമയം, കൂത്തുപറമ്പ് വെടിവയ്പ് കാലത്ത്  കണ്ണൂര്‍ എസിപി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ,  പുതിയ പൊലീസ് മേധാവിയായി നിയമച്ചതില്‍ അതൃപ്തി പ്രകടമാക്കി സി.പി.എം നേതാവ് പി.ജയരാജന്‍ രംഗത്തെത്തി.  അന്ന് റവാഡയ്ക്കതിരെ പാര്‍ട്ടി നിലപാട് എടുത്തിരുന്നുവെന്ന് ജയരാജന്‍ ഓര്‍മിപ്പിക്കുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന നിധിന്‍ അഗര്‍വാളും സിപിഎമ്മുകാരെ മര്‍ദിച്ചിട്ടുള്ളയാളാണെന്ന് ജയരാജന്‍ പറ‍ഞ്ഞു. ഇപ്പോള്‍ തീരുമാനം മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണെന്നും നയപരമായ പ്രശ്നങ്ങളിലേ പാര്‍ട്ടി ഇടപെടാറുള്ളൂ എന്നും ജയരാജന്‍ പ്രതികരിച്ചു. 

റവാഡയുടെ നിയമനത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ന്യായീകരിച്ചു. സര്‍ക്കാര്‍ തീരുമാനിച്ച കാര്യമെന്നും പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ലെന്നും എം.വി.ഗോവിന്ദന്‍.  കൂത്തുപറമ്പ് കേസില്‍ റവാഡയെ കോടതി ഒഴിവാക്കിയതാണ്. പി.ജയരാജന്‍ പറഞ്ഞത് എതിര്‍പ്പല്ലെന്നും  സിപിഎം സംസ്ഥാന െസക്രട്ടറി പറഞ്ഞു

കൂത്തുപറമ്പ് വെടിവെയ്പ്പ് മന്ത്രിയുടെ ജീവൻ രക്ഷിക്കാനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. മന്ത്രിയെ ജനക്കൂട്ടം ആക്രമിച്ച് കൊന്നിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു,  അക്കാര്യത്തിൽ സി.പി.എം. ആണ് മാപ്പ് പറയേണ്ടത്. പുതിയ ഡിജിപിയുടെ നിയമനം നടപടിക്രമമനുസരിച്ച് പോകുമെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.

ENGLISH SUMMARY:

Ravada Chandrasekhar appointed as state police chief