ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 12 മണിക്ക് തുറക്കും. ഇന്നലെ രാത്രി 10 മണിയോടെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരുമാനിച്ചത്. സെക്കന്റിൽ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനിടയില്ല. സെക്കന്റിൽ 2100 ഘനയടിയോളം വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
അതേസമയം, സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിപ്പണ്ട്. 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും, കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് നൽകി. പമ്പാ നദി , മൂവാറ്റുപുഴ , ഭാരതപ്പുഴ , മീനച്ചിൽ , അച്ചൻകോവിൽ , പെരിയാർ , ചാലക്കുടി പുഴ , കബനി നദി എന്നിവിടങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.