കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു എന്ന വാര്‍ത്തയില്‍ വ്യക്ത വരുത്തി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മഴ മുന്നറിയിപ്പിനെ തുടര്‍ന്നുള്ള അവധി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചതാണ് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി എന്ന രീതിയില്‍ പ്രചരിച്ചതെന്ന് കളക്ടര്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ നിന്ന് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ച ക്ലാസ് ഉണ്ടെന്ന് പ്രഖ്യാപിച്ചാണ് തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫിസർ ആദ്യം ഉത്തരവ് ഇറക്കിയത്. തൃശൂർ ജില്ലയിൽ തന്നെ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിങ്ങനെ മൂന്നു വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്. അതിൽ ഒരു വിദ്യാഭ്യാസ ജില്ല മാത്രമാണ് തൃശൂർ. ഇതിന്റെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വിദ്യാഭ്യാസ ജില്ലാ ഓഫിസർ ആദ്യം ശനിയാഴ്ച ക്ലാസ് ഉണ്ടെന്ന് പറഞ്ഞത്.എന്നാൽ മഴ തുടരുന്ന സാഹര്യത്തിൽ ക്ലാസ് വയ്ക്കേണ്ടതുണ്ടോ എന്ന് കലക്ടർ തൃശൂർ വിദ്യാഭ്യാസ ഓഫിസറോട് വാക്കാൽ ചോദിച്ചു. ഇതോടെ തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫിസർ താൻ ഇറക്കിയ ഉത്തരവ് പിൻവലിക്കുകയും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ശനിയാഴ്ച അവധി ആയിരിക്കുമെന്ന് അറിയിക്കുകയുമായിരുന്നു. എന്നാൽ ഇത് തൃശൂർ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും എന്ന രീതിയിൽ പ്രചരിച്ചതോടെയാണ് ആശയക്കുഴപ്പത്തിന് തുടക്കമിട്ടത്.
അതേ സമയം സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാജില്ലകളിലും മഴ മുന്നറിയിപ്പുണ്ട് . കോട്ടയം, പത്തനംതിട്ട ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴ ശക്തമാക്കുന്നത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ജൂൺ 29 ഓടെ ചക്രവാത ചുഴി രൂപപെടാനും തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.