സിപിഐ മത്സരിക്കുന്ന പറവൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി സിപിഎം. ഈ ആവശ്യം പറവൂർ ഏരിയ നേതൃത്വം എറണാകുളം ജില്ലാനേതൃത്വത്തെ അറിയിച്ചു. തീരുമാനം ആയിട്ടില്ലെങ്കിലും ഏരിയ നേതൃതത്തിന്റെ ആവശ്യം ഗൗവരവമായ ചർച്ചയ്ക്കു വഴി വച്ചിട്ടുണ്ട്.
1996ൽ പി.രാജുവാണ് പറവൂരിൽ ജയിച്ച അവസാന ഇടതുസ്ഥാനാർഥി. പിന്നെ സിപിഐ യോ, ഇടതുമുന്നണിയോ മണ്ഡലത്തിൽ പച്ചത്തൊട്ടിട്ടില്ല. 2001 മുതൽ വിഡി സതീശന്റെ കുത്തകയാണ് മണ്ഡലം. അതായത് മുന്നണിക്കായി സിപിഎം പ്രവർത്തകർ എടുക്കുന്ന പണിയൊക്കെ വെറും പാഴ്പ്പണിയാണെന്നർത്ഥം. സിപിഐ വിഭാഗീയത മൂർച്ഛിച്ചു നിൽക്കുന്ന പറവൂരിൽ ഇത്തവണ സിപിഐ സ്ഥാനാർഥിയെ തോൽപ്പിക്കാൻ, മണ്ഡലത്തിലെ സിപിഐ നേതാക്കൾ തന്നെ മുന്നിലുണ്ട്. ഈ തിരിച്ചറിവിൽ നിന്നാണ് സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎം പറവൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെടുന്നത്. മണ്ഡലത്തിൽ സിപിഎം സിപിഐ ബന്ധവും അത്ര രസത്തിൽ അല്ല.
സിപിഐയ്യിൽ നിന്ന് സിപിഎമ്മിലേക്കും, പകരം സിപിഎമ്മിൽ നിന്ന് സിപിഐയിലേക്കും ആളെ ചാടിക്കുന്നതും അത് ആഘോഷമായി നടത്തുന്നതും ഇവിടെ സ്ഥിരമാണ്. പരസ്പരമുള്ള പോർവിളി വേറെയും. പറവൂരിൽ എൽഡിഎഫിന് ഒരുമത്സരംപോലും കാഴ്ചവയ്ക്കാൻ പറ്റുന്നില്ലെന്ന വിമർശനവും മണ്ഡലത്തിലെ സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും ഉണ്ട്. സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യം കഴിഞ്ഞ എറണാകുളം ജില്ലാസമ്മേളനത്തിൽ പറവൂരുനിന്നുള്ള നേതാക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ അന്നു സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഇടപെട്ടാണ് അതു നുള്ളിയത്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തതോടെ ആണ് ഈ ആവശ്യം ശക്തമായി പറവൂർ ഏരിയ നേതൃത്വം ഉന്നയിക്കുന്നത്.
സീറ്റ് വിട്ടുകൊടുക്കാനോ, ഇക്കാര്യത്തിൽ ഒരുചർച്ചക്കോ തയാർ അല്ല എന്ന നിലപാടാണ് സിപിഐ ജില്ലാനേതൃത്വത്തിന്റേത്. ഇത്തവണ പറവൂരിൽ ശക്തനായ സ്ഥാനാർഥി വരും എന്നും സിപിഐ നേതൃത്വം പറയുന്നു.