biju-menon

ചിത്രത്തിന്റെ പ്രമോഷന് പങ്കെടുക്കാത്തതില്‍ നടന്‍ ബിജു മേനോനെതിരെ നടപടി കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ . നിര്‍മാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്ടം നികത്താന്‍ 15 ലക്ഷം രൂപ നല്‍കണം. തുക നല്‍കിയില്ലെങ്കില്‍ ബിജുവുമായി സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ലിസ്റ്റിന്റെ ചിത്രത്തിലെ പ്രതിഫലത്തില്‍നിന്ന് തുക നല്‍കണമെന്നാണ് നിര്‍ദേശം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ബിജുവിന് കത്ത് നല്‍കിയിട്ടുണ്ട്. 

 

Also Read: പ്രമോഷനില്‍ പങ്കെടുത്തില്ല; ബിജു മേനോന്‍ കാരണം നിര്‍മാതാവിന് നഷ്ടം 25 ലക്ഷം: ബി.ഉണ്ണികൃഷ്ണന്‍



 പ്രമോഷനില്‍ പങ്കെടുക്കാത്തതിനാല്‍ നിര്‍മാതാവിന്  25 ലക്ഷം നഷ്ടമായെന്ന് കഴിഞ്ഞ ദിവസം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു.  പല നടീനടന്‍മാരും സെറ്റില്‍ വൈകിയെത്തുന്നത് കാരണം ഷൂട്ട് വൈകുന്നു. മണിക്കൂറുകള്‍ വൈകിയാണ് പലരും സെറ്റിലെത്തുന്നത്. പുതിയ സേവനവേതന കരാറിലൂടെ ഇതിന് മാറ്റംവരുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

‘മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് സംവിധായകൻ കൂടിയായ ഒരു നിർമ്മാതാവിന് 25 ലക്ഷം രൂപയാണ് ചാനലിൽ നിന്നും കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാൻ ഒരു മടിയുമില്ല’ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

 

ഷൂട്ട്‌ വൈകാൻ കാരണം നടീനടമാരുടെ അനാസ്ഥയാണെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. പലരും മണിക്കൂറുകൾ വൈകിയാണ് സെറ്റിലെത്തുന്നത്. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘നിർമാതാവ്- സംവിധായകൻ- പ്രൊഡക്ഷൻ കൺട്രോളർ- നടി നടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും. സമയബന്ധിതമായി ഷൂട്ടിങ് പൂർത്തിയാകുകയാണ് ലക്ഷ്യം’ അദ്ദേഹം വ്യക്തമാക്കി.

 

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘വലതുവശത്തെ കള്ളന്‍’. എന്നാല്‍ സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ പ്രമോഷന്‍ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ പങ്കെടുത്തിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. അതേസമയം വിഷയത്തില്‍ ബിജു മേനോന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

Biju Menon has been fined 15 lakhs by the Producer Association for not attending film promotions, causing a loss to producer Anoop Kannan. The association stated that they will not cooperate with Biju Menon if the amount is not paid.