mohanan-missing

തിരുവനന്തപുരത്ത് അമ്പത് പവനും അറുപത്തിനാലായിരം രൂപയുമായി സ്കൂട്ടറില്‍ സഞ്ചരിച്ച ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ആറ് വര്‍ഷം മുന്‍പ് കാണാതായ കേസില്‍ വഴിത്തിരിവ്. ആര്യനാട് സ്വദേശി മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്തെ തോട്ടില്‍  കുഴിച്ചിട്ട നിലയില്‍ സ്കൂട്ടര്‍ കണ്ടെത്തി. നമ്പര്‍ പ്ലേറ്റില്ലാത്ത സ്കൂട്ടര്‍ കാണാതായത് മോഹനനെ കാണാതായ സമയത്തെന്ന് സൂചന. ഇതോടെ ആ പ്രദേശം കുഴിച്ച് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

 

ആറ് വര്‍ഷം മുന്‍പ്, കോവിഡ് കാലത്ത് കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഞെട്ടലുണ്ടാക്കിയ കേസായിരുന്നു ആര്യനാട് മോഹനന്‍ തിരോധാനം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു 56 കാരനായ മോഹനന്‍. 2020 മെയ് 8ന് പേരൂര്‍ക്കട സഹകരണ ബാങ്കില്‍ നിന്ന് പണയം വെച്ച സ്വര്‍ണം എടുക്കാന്‍ പോയതായിരുന്നു. രാവിലെ 11 മണിയോടെ 50 പവന്‍ സ്വര്‍ണവും അറുപത്തിനാലായിരം രൂപയുമായി മോഹനന്‍ സ്കൂട്ടറില്‍ ആര്യനാടേക്ക് യാത്ര തിരിച്ചു. ഇന്നുവരെ അവിടെയെത്തിയിട്ടില്ല.

 

കരകുളം ജങ്ഷനിലെ സി.സി.ടി.വിയിലാണ് മോഹനനെ അവസാനം കണ്ടത്. പക്ഷെ ഇതിനപ്പുറത്തേക്ക് അദേഹത്തെ കണ്ടിട്ടില്ല. ഇവിടെ വെച്ച് മൊബൈല്‍ ഫോണും സ്വിച്ച് ഓഫായി. പട്ടാപ്പകല്‍ ഒരു മനുഷ്യന്‍ എങ്ങോട്ട് അപ്രത്യക്ഷമായി. ഈ ചോദ്യത്തിന് ഉത്തരം തേടി അന്വേഷണം തുടങ്ങിയിട്ട് ഇതുവരെ ഒരുരക്ഷയുമില്ല. എന്നാല്‍ ഇപ്പോള്‍ വഴിത്തിരിവിന് കളമൊരുങ്ങുകയാണ്.

 

മോഹനനെ കാണാതയ സ്ഥലത്തിന്‍റെ തൊട്ടടുത്ത് നിന്ന് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍, വെള്ളത്തിനിടയില്‍ നിന്ന് ഒരു സ്കൂട്ടര്‍ കണ്ടെത്തി. വര്‍ഷങ്ങളായി വെള്ളത്തിനടിയിലാണെന്നതിന്‍റെ എല്ലാതെളിവും തകരാറുകളും സ്കൂട്ടറിലുണ്ട്. പക്ഷെ മോഹനന്‍ ഉപയോഗിച്ചത് ഹോണ്ട അക്ടീവയാണ്. ഇത് ഹോണ്ട ഡിയോയാണ്. അതുകൊണ്ട് അതേ സ്കൂട്ടറല്ലെന്ന് ഉറപ്പിച്ചു. പക്ഷെ സ്കൂട്ടര്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കാണുന്നത് തന്നെ ദുരൂഹമാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.

 

മോഹനനെ കാണാതാകുമ്പോള്‍ അക്കൗണ്ടില്‍ എട്ട് ലക്ഷം രൂപയുണ്ടായിരുന്നു. ഇന്ന് വരെ ഒരു രൂപ പോലും അതില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല. അദേഹം നാടുവിട്ടതാണങ്കില്‍, ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അല്‍പമെങ്കിലും പിന്‍വലിക്കുകമായിരുന്നു. അതിനാല്‍ അദേഹം ജീവിച്ചിരിക്കാനുള്ള സാധ്യത തള്ളുന്ന ക്രൈംബ്രാഞ്ച് ആരെങ്കിലും അപായപ്പെടുത്തിയിരിക്കാമെന്ന് സംശയിക്കുന്നു. അങ്ങിനെ സംഭവിച്ചെങ്കില്‍ അത് ഈ പരിസരത്ത് തന്നെ വെച്ചാകാം. അതിനാല്‍ ഇവിടം കുഴിച്ച് നോക്കാനാണ് തീരുമാനം.

ENGLISH SUMMARY:

Mohanan missing investigation takes a significant turn with the discovery of a buried scooter near the spot where he disappeared with 50 sovereigns of gold. The Crime Branch suspects foul play and plans to excavate the area for further clues.