accused-teachers-nithin-raj-case

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്‍റല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്‍റെ മരണം സംബന്ധിച്ച് അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മറ്റന്നാള്‍  ഹര്‍ജിയില്‍ വിധി പറയും. നിതിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് ഡോക്ടര്‍ റാം വാദിച്ചു. ജാതി അധിക്ഷേപമുണ്ടായിട്ടില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞിട്ടുണ്ടെന്നും റാം അവകാശപ്പെട്ടു. സംഭവ ദിവസം സ്ഥലത്തില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ സംഗീത പറഞ്ഞത്. എന്നാല്‍ നിതിന്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന് കുടുംബം കോടതിയില്‍ അറിയിച്ചു. അധിക്ഷേപിച്ചവരുടെ ഫൊട്ടോ നിതിന്‍ സഹോദരിക്ക് അയച്ചു കൊടുത്തുവെന്നും ഇത് വച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നുവെന്നും കുടുംബം കോടതിയില്‍ ബോധിപ്പിച്ചു.

നിതിന്‍റെ മരണത്തില്‍ പ്രിന്‍സിപ്പലിനെതിരെയും കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 10ന് പ്രിൻസിപ്പലിന്‍റെ മുറിയിൽ നടന്ന അധിക്ഷേപമാണ് നിതിൻരാജിനെ മരണത്തിലേക്കു തള്ളിവിട്ടതെന്നും കൂടെയുണ്ടായിരുന്നവർക്കെതിരെ കേസെടുക്കണമെന്നും നിതിന്‍റെ പിതാവ് രാജന്‍ പറഞ്ഞു. ''22 വയസ്സുകാരനോടു ചെയ്യാൻ പാടില്ലാത്തതാണു പ്രിൻസിപ്പലിന്‍റെ മുറിയിൽ നടന്നത്. എന്‍റെ അറിവോടെയാണ് ലോൺ ആപ്പിൽ നിന്ന് പണമെടുത്തത്. ഭാര്യയുടെ ചികിത്സ വന്നതോടെ അടവു മുടങ്ങി. എന്നാൽ നിതിൻരാജിനു ഭീഷണിയുള്ള കാര്യം കോളജിന്‍റെ ഭാഗത്തുനിന്ന് ഒരു തവണപോലും അറിയിച്ചിട്ടില്ല. ആത്മഹത്യയിലേക്ക് അവർ തള്ളിവിടുകയായിരുന്നു. പണം ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിൽ ഉടൻ കൊടുക്കുമായിരുന്നു. എന്നാൽ അത് ചെയ്തില്ല.  കള്ളങ്ങളും കാപട്യങ്ങളും നിറഞ്ഞ നിലപാടാണ് മാനേജ്മെന്‍റിന്‍റേത്.. സാധാരണക്കാരെ അവിടെയിട്ട് ഒതുക്കിത്തീർക്കും. പരാതി നൽകാനുള്ള അവസരംപോലും നൽകില്ല. മകനെതിരെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടോ അതിനൊക്കെ തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണം. എങ്കിലേ അവന് നീതി ലഭിക്കൂ. 

എന്ത് സംഭവിച്ചാലും ഒരു ഡോക്ടറായി തന്നെ പുറത്തുവരും എന്നാണ് അവൻ പറയാറ്. അവനെ ഇല്ലാതാക്കിയവരുടെ ശിക്ഷാവിധി കാത്ത് ഒരു നാട് ഉണ്ട്. എന്തൊക്കെ വളച്ചൊടിക്കാൻ ശ്രമിച്ചാലും അവസാനം വരെ പൊരുതും. ഇനി ഒരു നിതിൻ രാജോ രോഹിത് വേമുലയോ സിദ്ധാർഥനോ ഉണ്ടാകാൻ പാടില്ല. നിതിന്റെ സഹപാഠികളൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ല. ഭീഷണിയുള്ളതുകൊണ്ടാകും.  പൊലീസ് ക്യാംപിൽ മരിച്ച രാജന്റെ അച്ഛൻ ഈച്ചരവാര്യർ കയറിയിറങ്ങാത്ത വഴികളില്ല. എന്നിട്ടും നീതി കിട്ടിയില്ല. റാഗിങ്ങിൽ മരിച്ച സിദ്ധാർഥന്‍റെ കുടുംബത്തിനും നീതി ലഭിച്ചിട്ടില്ല. സംഭവം ഏതു രീതിയിൽ വളച്ചൊടിക്കാൻ ശ്രമിച്ചാലും അവസാനം വരെ ഈ അച്ഛൻ നീതിക്കുവേണ്ടിയിറങ്ങും''– രാജൻ വ്യക്തമാക്കി.

ENGLISH SUMMARY:

The anticipatory bail plea of Dr. Ram and Dr. Sangeetha, accused of abetting the suicide of Anjarakandy Dental College student Nithin Raj, has concluded. While Dr. Ram denied caste-based discrimination and Dr. Sangeetha claimed she wasn't present at the scene, Nithin’s family presented evidence of casteist abuse. Nithin’s father, Rajan, alleged that the principal's involvement in the harassment led to his son's death and demanded legal action against the management. The family also clarified that the loan app issue was managed with their knowledge and wasn't the cause of suicide, unlike the college's claims.