ഇന്ത്യയേയും ചൈനയേയും നരകക്കുഴികള്‍ എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന സന്ദേശം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവത്തിനായി യുഎസില്‍ എത്തുന്നുവെന്നും അതിലൂടെ അവര്‍ക്ക് ഇന്‍സ്റ്റന്റ് പൗരത്വം ലഭിക്കുന്നുവെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു. ഇത്തരത്തിൽ പൗരത്വം നേടുന്നതിലൂടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റ് നരകക്കുഴികളിൽ നിന്നും അവർ തങ്ങളുടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്ന് മൈക്കൽ സാവേജ് പരിഹസിക്കുന്നു.
Also Read: പാക്കിസ്ഥാന്‍ പറഞ്ഞിട്ടാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ
റേഡിയോ അവതാരകന്‍ മൈക്കല്‍ സാവേജ് എഴുതിയ സന്ദേശമാണ് ട്രംപ് പങ്കുവച്ചത്. ഇന്ത്യന്‍,ചൈനീസ് കുടിയേറ്റക്കാരെ ലാപ്ടോപ്പുമായി വന്ന ഗുണ്ടകളെന്നും യുഎസ് പതാകയെ ചവിട്ടുന്നവരെന്നും അധിക്ഷേപിക്കുന്നു. നിലവിലെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കോടതി വിധിക്ക് കാത്തുനില്‍ക്കാതെ ദേശീയ ഹിതപരിശോധന വേണമെന്നുമാണ് മൈക്കല്‍ സാവേജ് ആവശ്യപ്പെടുന്നത്. അമേരിക്കൻ സുപ്രീം കോടതിയിൽ ജന്മാനാ ഉള്ള പൗരത്വവുമായി ബന്ധപ്പെട്ട വാദങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
കഴിഞ്ഞ ദിവസം സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ, ലോകത്ത് അമേരിക്കയിൽ മാത്രമാണ് ഇത്തരമൊരു നിയമമെന്ന് ട്രംപ് തെറ്റായി അവകാശപ്പെട്ടിരുന്നു. എന്നാൽ കാനഡ, മെക്സിക്കോ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ നിലവിൽ ഈ നിയമം നിലവിലുണ്ട്. ഇതിനു പിന്നാലെയാണ് തീവ്ര വംശീയ പരാമർശങ്ങളുള്ള കത്ത് ട്രംപ് വീണ്ടും പങ്കുവച്ചിരിക്കുന്നത്. ട്രംപിന്റെ നടപടി ഇന്ത്യൻ വംശജർക്കിടയിലും ആഗോളതലത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.