സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ആന്റണി (തൈവിളാകം) മരിച്ചു. കണ്ണൂരിൽ കടലിൽ കാണാതായ കായലോട് സ്വദേശി പതിനെട്ടുകാരനായ ഫർഹാൻ റൗഫിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയിൽ കടലിൽ പോയ പുന്നപ്ര സ്വദേശി സ്റ്റീഫനെ കാണാതായിട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പ് ഉയർന്നു; മുന്നറിയിപ്പുകൾ
സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
മഴക്കെടുതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും
അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വയനാട് വെള്ളമുണ്ട പുളിഞ്ഞാലിൽ പാറക്കല്ല് താഴ്ന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് ആശങ്കയുണ്ടാക്കുന്നുണ്ട്. സമീപത്തെ ഉന്നതിയിലെ 26 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കോഴിക്കോട് മാവൂരിൽ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കോതമംഗലത്ത് കനത്ത മഴയ്ക്കിടെ വീട് നിലംപൊത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ ദശദലക്ഷം ഉന്നതിയിലെ കൃഷ്ണൻകുട്ടിക്കും ഭാര്യ അമ്മിണിക്കും പരിക്കേറ്റു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാലപ്പഴക്കമുള്ള വീടായിരുന്നു ഇത്. നാട്ടുകാർ കൃഷ്ണൻകുട്ടിയെയും അമ്മിണിയെയും കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു.