ഉന്നത വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലയോട് വീണ്ടും അവഗണന തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി. ചാല ബി.എഡ് ക്യാമ്പസിൽ നിന്നും രണ്ട് ഓപ്ഷനുകളും, 5 സീറ്റുകളും ഒഴിവാക്കി. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളിൽ സീറ്റിന് ലേലം വിളിയാകും ഉണ്ടാവുക.
ഉന്നത വിദ്യാഭ്യാസത്തിന് നാമ മാത്രമായ കോളേജുകൾ ഉള്ള ജില്ലയാണ് കാസർകോട്. സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ, യൂണിവേഴ്സിറ്റി സ്ഥാപനങ്ങൾ വിരളമാണ്. ബി.എഡ് പഠനത്തിനായി കാസർകോട് ചാലയിൽ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസുണ്ട്.. 55 സീറ്റ് വീതമുള്ള 7 കോഴ്സുകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. ഈ വർഷം മുതൽ മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾ ഇല്ലാതായി. ഒപ്പം അഞ്ച് സീറ്റുകളും പിൻവലിച്ചു.
ജനറൽ കാറ്റഗറിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള അഞ്ച് ഇഡബ്ലിയുഎസ് സീറ്റുകളാണ് ഇല്ലാതാക്കിയത്. മുഴുവൻ സീറ്റുകളിലും വിദ്യാർത്ഥികൾ ഉള്ളപ്പോഴാണ് സീറ്റുകൾ വെട്ടി ചുരുക്കുന്നത്. ഇതോടെ മാത്തമാറ്റിക്സ് അടക്കം ആവശ്യക്കാർ ഉള്ള ഓപ്ഷന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ലേലം വിളിയാകും ഉണ്ടാവുക. കൂടാതെ കാസർകോട് മഞ്ചേശ്വരം താലൂക്കുകളിൽ ഉള്ള കന്നട മീഡിയം സ്കൂളുകൾക്കായി, കന്നട ഭാഷയിൽ മാത്സ് ട്രെയിനിങ് നടത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. നാളെ ചേരുന്ന കണ്ണൂരിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.