ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് സിപിഎം. ട്രംപിന്‍റെ നീക്കം ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി. ഇറാനെതിരായ യുഎസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നുവെന്നും യുദ്ധ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും എം.എ.ബേബി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും  സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

എം.എ.ബേബി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്:

‘ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തെ ഞങ്ങൾ അസന്ദിഗ്ധമായി അപലപിക്കുന്നു - അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്.ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു.  അന്ന് വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനെക്കുറിച്ചുള്ള നുണകളും ഇപ്പോൾ ആണവായുധങ്ങളും ആണെന്ന വ്യത്യാസം മാത്രം. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ആയിരിക്കും - ഇന്ത്യയ്ക്കുൾപ്പെടെ. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് യുഎസ് തെളിയിച്ചിട്ടുണ്ട്.സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു. ഇറാനിൽ നിന്ന് കയ്യെടുക്കുക! അമേരിക്കൻ യുദ്ധങ്ങൾ അവസാനിപ്പിക്കുക!സാമ്രാജ്യം തുലയട്ടെ!’ എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി കുറിച്ചത്.

ENGLISH SUMMARY:

The CPM has stated that the United States should withdraw from interfering in Iran. Party General Secretary M.A. Baby warned that Trump's actions could have global repercussions, including for India. In a strong statement on social media, M.A. Baby condemned the U.S. attack on Iran, calling it an act of aggression, and urged people to protest against the declaration of war. He also called on the Indian government to take a firm stand against the attack on Iran