ഉപതിരഞ്ഞെടുപ്പ് ആവേശത്തോടെ ഏറ്റെടുത്ത് നിലമ്പൂരിലെ വോട്ടർമാർ. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 74.35 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. വിജയപ്രതീക്ഷ പങ്കുവച്ച് രണ്ടു മുന്നണികളും. വിജയിക്കുമെന്ന് ആവർത്തിച്ച് പി വി അൻവറും. അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെയാണ് പോളിങ് പൂർത്തിയായത്.
മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണ ആവേശത്തിനൊടുവിൽ പോളിങ് ബൂത്തിലേക്ക് വോട്ടർമാർ ഒഴുകിയെത്തി. അനാവശ്യമായ തിരഞ്ഞെടുപ്പ് എന്ന വാദങ്ങളെ അവഗണിച്ച് രാവിലെ മുതൽ തന്നെ മികച്ച പോളിങ് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടിയത് തിരക്കും ക്യൂവും കുറച്ചു. പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയപ്രതീക്ഷയും പങ്കുവച്ചു.
വിവി പാറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം വഴിക്കടവ് തണ്ണിക്കടവ് ബൂത്തിൽ അൽപസമയം പ്രശ്നങ്ങളുണ്ടാക്കി. കുറുമ്പലങ്ങോട് മണ്ഡലക്കാരല്ലാത്ത 3 എസ്എഫ്ഐ പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് മൂന്നുപേരെ പോത്തുകൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിക്കുത്ത് ജി എൽ പി സ്കൂളിൽ കുടുംബസമേതം എത്തി ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തി. മാങ്കുത്ത് എൽ.പി സ്കൂളിൽ അച്ഛനൊപ്പമെത്തി എം. സ്വരാജും ചുങ്കത്തറ മാർത്തോമ സ്കൂളിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജും വോട്ടു ചെയ്തു. വിജയം ഉറപ്പാണന്ന് എം. സ്വരാജ് പ്രതികരിച്ചു.