കേരള തീരത്തെ കപ്പല്‍ അപകടങ്ങള്‍ മൂലം ചെറുകിട മല്‍സ്യബന്ധന മേഖലയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ). എല്‍സ ത്രി കപ്പലില്‍ നിന്ന് പുറത്തുവന്ന ചരക്ക് ദീര്‍ഘകാലത്തേയ്ക്ക് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാം. കപ്പല്‍ അപകടങ്ങള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടര്‍ ഗ്രിന്‍സണ്‍ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. പഠന റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കും.
ആലപ്പുഴ തീരത്തിന് സമീപം അറബിക്കടലില്‍ എല്‍സ ത്രി കപ്പല്‍ മുങ്ങിയത് പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാനാണ് കേന്ദ്രസമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ പഠനം തുടങ്ങിയത്. ജലത്തിന്‍റെ ഗുണനിലവാരവും പരിശോധിച്ചു. അതിനിടെ അഴീക്കല്‍ തീരത്തിന് സമീപം വാന്‍ ഹയ് ചരക്ക് കപ്പലിന് തീപ്പിടിച്ചതും പഠനവിധേയമാക്കി.
മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടായ തൊഴില്‍ നഷ്ടം ഉള്‍പ്പെടെ പ്രതിന്ധി കപ്പല്‍ അപടകം മല്‍സ്യബന്ധന മേഖലയ്ക്ക് ഉണ്ടാക്കി. ചെറുകിട മല്‍സ്യത്തൊഴിലാളികളെ ഏറ്റവും പ്രതികൂലമായി ബാധിച്ചതെന്നാണ് സി.എം.എഫ്.ആർ.ഐ വിലയിരുത്തല്‍. കടലിലെ ജലഗുണനിലവാരത്തെ ബാധിച്ചിട്ടില്ല. മീന്‍ കഴിക്കാം. എണ്ണ വ്യാപനം തടയാന്‍ സാധിച്ചു. എന്നാല്‍ ദീര്‍ഘകാലത്തേയ്ക്ക് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാം.
വാന്‍ ഹയ് കപ്പലില്‍ കൂടുതല്‍ ദോഷകരമായ രാസവസ്തുക്കളുണ്ടായിരുന്നെങ്കിലും കടലില്‍ വ്യാപിക്കാതിരുന്നത് ആശ്വാസമായി. കപ്പല്‍ അപകടങ്ങള്‍ അടക്കം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും സി.എം.എഫ്.ആർ.ഐ ഡയറക്ടര്‍. എത്ര നാശനഷ്ടമുണ്ടായെന്ന അന്തിമ കണക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സി.എം.എഫ്.ആർ.ഐ ഡയറക്ടര്‍ ഉള്‍പ്പെട്ട സമിതി തീരുമാനിക്കും.