കണ്ണൂര്‍ നഗരത്തില്‍ തെരുവുനായകളുടെ വിളയാട്ടം തുടരുന്നു. ഇന്ന് മാത്രം 19 പേര്‍ക്ക് കടിയേറ്റു. ഇതോടെ ആകെ കടിയേറ്റവരുടെ 75 ആയി. നായ്ക്കളെ പിടികൂടാന്‍ ശ്രമം തുടങ്ങി. നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ വീഴ്ച ആരോപിച്ച് കോര്‍പ്പറേഷനിലേക്ക് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ കടിയേറ്റത് 56 പേര്‍ക്ക്. കടിച്ച നായയെ ചത്തനിലയില്‍ കണ്ടെത്തിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചപ്പോള്‍ സ്ഥിതി ശാന്തമായെന്ന് കരുതിയെങ്കിലും രാവിലെ വീണ്ടും ആക്രമണം. റെയില്‍വെ സ്റ്റേഷന്‍ മുതല്‍ പുതിയ ബസ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് 11 പേര്‍ക്ക് കടിയേറ്റു. അതുകഴിഞ്ഞ് വീണ്ടും അഞ്ചുപേര്‍ക്ക് നേരെയും ആക്രമണം. എല്ലാവരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി
പ്രഭാത് ജംക്ഷനില്‍ തെരുവുനായയുടെ ആക്രമണത്തിനിടെ സ്ത്രീ കുഴഞ്ഞുവീണു. കടയിലെത്തിയ യുവതിയ്ക്ക് നേരെയായിരുന്നു ആക്രമണം. അതിനിടെ താഴെചൊവ്വയില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് രണ്ട് വയസുകാരനും പരുക്കേറ്റ് ചികിത്സ തേടി. ജില്ലാ പഞ്ചായത്തിന്‍റെ നിര്‍ദേശപ്രകാരം എബിസി സെന്‍ററിലെ ജീവക്കാര്‍ നായ്ക്കളെ പിടിയ്ക്കാന്‍ തുടങ്ങി. ഇവയെ വന്ധ്യംകരിച്ച ശേഷം തുറന്നുവിടും. അതിനിടെ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് മൂന്ന് തെരുവുനായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. തെരുവുനായ ആക്രമണത്തില്‍ കോര്‍പ്പറേഷനിലേക്ക് സിപിഎം ശക്തമായ പ്രതിഷേധം നടത്തി. കൗണ്‍സില്‍ ഹാളിലും ഇടത് അംഗങ്ങള്‍ പ്രതിഷേധിച്ചു.
ജില്ലയില്‍ ഒരു എബിസി സെന്‍റര്‍ മാത്രമാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മതിയായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലെന്ന ആക്ഷേപമുണ്ട്. വിഷയത്തില്‍ പരസ്പരം പഴിചാരുകയാണ് കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും.